അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ശരിവച്ച് ഹൈക്കോടതി. മതാചാരപ്രകാരം സംസാരിക്കണമെന്ന ലോറൻസിന്റെ മക്കളുടെ ഹർജി കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. നേരത്തെ സിംഗിൾ ബെഞ്ചും ഈ ഹർജി തള്ളിയിരുന്നു.
പെൺമക്കളായ സുജാതയും, ആശയുമാണ് ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. വിഷയത്തിൽ നിയമ പോരാട്ടം തുടരുമെന്ന് മകൾ ആശ ലോറൻസ് പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കമെന്നും ആശ ലോറൻസ് പറഞ്ഞു. നീതി നടപ്പാക്കാൻ കോടതികൾ ബാധ്യതസ്ഥരാണ്. നീതിക്കുവേണ്ടി പോരാടാനാണ് തീരുമാനം. പിതാവ് മൂത്തമകൾ സുജയോട് സെമിത്തേരിയിൽ അടക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ സാക്ഷികൾ പിതാവിനെ പരിചരിച്ചിരുന്നവരല്ല, ഇവർ കള്ളസാക്ഷികളാണെന്നും ആശ പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 21 ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു ലോറൻസ്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ അറസ്റ്റിലായി പൊലീസ് മർദനമേറ്റു. രണ്ടുവർഷത്തോളം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞു. എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15നാണ് ജനനം.
1946 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ എംഎം ലോറന്‍സിന്‍റേത് സമരോജ്ജ്വലമായ പൊതുജീവിതമായിരുന്നു. എറണാകുളം മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ച നേതാവായിരുന്നു എംഎം ലോറന്‍സ്. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും മുൻ ഇടുക്കി എംപിയുമാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.