ഹൈടെക് കോപ്പിയടിക്ക് വാട്‌സ് ആപ്പും ; വിദേശ വിദ്യാര്‍ത്ഥി കേരളത്തില്‍ പിടിയില്‍

ഹൈടെക്ക് കോപ്പിയടിക്ക് വാട്‌സ് ആപ്പ് ഉപയോഗിച്ച വിദേശ വിദ്യാര്‍ത്ഥി കേരളത്തില്‍ പിടിയില്‍. കാലിക്കറ്റ് സര്‍വകലാശാല അധികൃതരാണ് വിദ്യാര്‍ത്ഥിയുടെ കോപ്പിയടി പിടിച്ചത്. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് വാട്‌സ് ആപ്പ് പരീക്ഷയില്‍ ഉപയോഗിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സിന്‍ഡിക്കറ്റ് സമിതിയെ വൈസ് ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍ നിയോഗിച്ചിട്ടുണ്ട്.

ഈ മാസം എട്ടിന് കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാ ഭവനില്‍ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ വന്നതായിരുന്നു വിദേശ വിദ്യാര്‍ത്ഥി. ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സിന്റെ മൂന്നാം സെമസ്റ്റര്‍ കണക്ക് പരീക്ഷ ഈ വിദ്യാര്‍ത്ഥിക്ക് മാത്രമായി പരീക്ഷാഭവനില്‍ ക്രമീകരിച്ചതായിരുന്നു. ചില അവസരങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇത്തരത്തില്‍ പ്രത്യേകമായി സര്‍വകലാശാല പരീക്ഷ നടത്താറുണ്ട്.

കോഴിക്കോട് ഫാറൂഖ് കോളജിലെ പൂര്‍വവിദ്യാര്‍ത്ഥിയായ അഫ്ഗാന്‍ സ്വദേശി ചോദ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തു. ഇതിന്റെ ഉത്തരം അന്വേഷിച്ച് സുഹൃത്തുക്കള്‍ ചില അധ്യാപകരെ സമീപിച്ചു. സംശയം തോന്നിയ അധ്യാപകരുടെ തുടര്‍ന്നുള്ള നടപടി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിയുടെ ഫോണ്‍ വാങ്ങി പരിശോധിക്കുകയായിരുന്നു. ഇതില്‍ ഇയാള്‍ കുടുങ്ങി. ഫോണില്‍ വാട്‌സ് ആപ്പ് മുഖേന ചോദ്യങ്ങള്‍ അയച്ചതു അധ്യാപകര്‍ കണ്ടെത്തി. വാഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി.വി.ജോര്‍ജ്കുട്ടിക്കു അധ്യാപകര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി.