പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യം നേടാൻ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി ഗുരുതര ആരോഗ്യപ്രശ്നം പറഞ്ഞ് ജാമ്യം നേടിയ ആളെ പിന്നീട് പൊതുപരിപാടികളിൽ കണ്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വി.കെ.ഇബ്രാഹിംകുഞ്ഞിന് ഇളവു നൽകരുതെന്ന് സർക്കാരും കോടതിയോട് ആവശ്യപ്പെട്ടു. കോടതി നിലപാട് പ്രതികൂലമായതോടെ ഇളവ് തേടി സമര്‍പ്പിച്ച ഹർജി ഇബ്രാഹിംകുഞ്ഞ് പിന്‍വലിച്ചു.
പാലാരിവട്ടം പാലം അഴിമതി കേസില്‍ ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിച്ചത് എറണാകുളം ജില്ല വിട്ട് പോകരുതെന്നടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയായിരുന്നു. എന്നാല്‍ മലപ്പുറം മമ്പ്രം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ കീഴ്ക്കോടതിയില്‍ നിന്നും ഇബ്രാഹിം കുഞ്ഞ് അനുമതി തേടുകയും ഇതിനിടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പാണാക്കാടെത്തുകയും ചെയ്തത് വിവാദമായിരുന്നു. തുടര്‍ന്നാണ് കേരളത്തിലെ പള്ളികളില്‍ പ്രാർത്ഥന നടത്താൻ യാത്രക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹർജി പരിഗണിക്കവേ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതി കേസിൽ കുറ്റപത്രം നൽകിയിട്ടില്ലെന്നും ചമ്രവട്ടം പാലം കേസിൽ ആരോപണ വിധേയനാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ആരോഗ്യസ്ഥിതി മോശമാണെന്ന് പരിഗണിച്ച് അദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ അറസ്റ്റിലായതിനു പിന്നാലെ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. കഴിഞ്ഞ നവംബർ 18നാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്തത്.