ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി; തട്ടിയെടുത്ത പണം കൊണ്ട് സംസ്ഥാനത്തിന് പുറത്ത് ഭൂസ്വത്തുക്കള്‍; വിദേശ നിക്ഷേപങ്ങളിലും ഇഡി അന്വേഷണം

ഹൈറിച്ച് തട്ടിപ്പ് കേസില്‍ ഉടമകളുടെ വിദേശ നിക്ഷേപങ്ങളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നു. ഹൈറിച്ച് ഉടമകളായ കെഡി പ്രതാപനും ഭാര്യ ശ്രീനയും ഓണ്‍ലൈന്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിന്റെ മറവില്‍ 1157കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് കേരളത്തിന് പുറത്തേക്കും ഇഡി അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ദുബായില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ അനുബന്ധ സ്ഥാപനം രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. 2019ല്‍ ആണ് പ്രതാപനും ശ്രീനയും ചേര്‍ന്ന് സ്ഥാപനം ആരംഭിച്ചത്. ലാഭവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തായിരുന്നു പ്രതികള്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. ക്രിപ്റ്റോ കറന്‍സി വഴി ഹൈറിച്ച് ഉടമകള്‍ 850 കോടി രൂപ തട്ടിയെടുത്തതായും ഇഡി അന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ട്.

Read more

കടലാസ് കമ്പനികളുണ്ടോയെന്നും ഇഡി അന്വേഷിക്കുന്നുണ്ട്. തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഭൂമി വാങ്ങിയതായും സംശയിക്കുന്നുണ്ട്. നേരത്തെ പ്രതാപന്റെയും ശ്രീനയുടെയും അക്കൗണ്ടുകളിലുണ്ടായിരുന്ന 212 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു.