ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന് കാണിച്ച് അനുവാദമില്ലാതെ പേരുകള്‍ നോട്ടീസില്‍ അടിച്ച സംഘാടക സമിതിക്കെതിരെ രംഗത്തുവന്നവര്‍ക്കെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോണ്‍ക്ലേവിനെതിരെ രംഗത്ത് വന്ന സച്ചിദാനന്ദന്‍, അശോകന്‍ ചെരുവില്‍, പ്രഭാവര്‍മ തുടങ്ങിയവരെ ലക്ഷ്യമാക്കി രൂക്ഷവിമര്‍ശനമാണ് കേന്ദ്രമന്ത്രി നടത്തിയത്. സനാതന ധര്‍മമെന്ന വാക്കുകേള്‍ക്കുമ്പോള്‍ ഹാലിളകുന്നവര്‍ ഈ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന മത തീവ്രവാദികളുടെ അച്ചാരം വാങ്ങുന്നവരാണ്. ജനിച്ചു, പഠിച്ച് വളര്‍ന്ന മതവിശ്വാസത്തെ വന്ദിക്കുന്നില്ലെങ്കിലും നിന്ദിക്കാതിരിക്കാനെങ്കിലും ഇക്കൂട്ടര്‍ തയാറാകണമെന്ന് മന്ത്രി പറഞ്ഞു.
നോര്‍ത്ത് അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദു കോണ്‍ക്ലേവില്‍ സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള പലരുടെയും പേരുകള്‍ അരോട് പോലും ചോദിക്കാതെ നോട്ടീസില്‍ അച്ചടിച്ച് പ്രചരിപ്പിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെതിരെ പ്രഭാവര്‍മ തന്നെ നേരിട്ട് രംഗത്തെത്തുകയും സിപിഎം സഹയാത്രികനായ അശോകന്‍ ചെരുവില്‍ അത് ഏറ്റുപിടിക്കുകയും ചെയ്തിരുന്നു.
ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവരെയെല്ലാം വിരട്ടാന്‍ ചില സ്വയംപ്രഖ്യാപിത ബുദ്ധിജീവികള്‍ ചാടിയറിങ്ങിയത് ദൗര്‍ഭാഗ്യമാണ്. ‘ഞാനൊരു ഹിന്ദുവാണ്’ എന്ന് ഉറക്കെപ്പറയുന്നതില്‍ കുഴപ്പമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.
ഹിന്ദുധര്‍മത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണകള്‍ പേറുന്നവരാണ് ഇടത് ലൈനിലുള്ള പാശ്ചാത്യമാധ്യമങ്ങള്‍. അത്തരം ചിലയാളുകളുടെ മനോവൈകല്യത്തില്‍ നിന്ന് പിറവിയെടുക്കുന്ന ചില ടെലിവിഷന്‍ പരിപാടികള്‍ ഇന്നും നമ്മുടെ നാട്ടില്‍ കലാപമുണ്ടാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭാരതം ഒരിക്കലും മറ്റുരാജ്യങ്ങളുടെ പരമാധികാരത്തില്‍ കടന്നുകയറുകയോ അവിടുത്തെ ജനങ്ങളെ കൊന്നൊടുക്കി അവരുടെ -പ്രകൃതിസമ്പത്ത് കയ്യടക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനും മുന്നേ സകല മതവിഭാഗങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് സനാതനധര്‍മികളായ ഇവിടുത്തെ രാജാക്കന്‍മാരും ഭരണാധികാരികളും. അതേ മാതൃകയിലാണ് അയല്‍രാജ്യങ്ങളില്‍ പീഢനം അനുഭവിക്കുന്ന ജനതയ്ക്കായി മോദി സര്‍ക്കാര്‍ വാതില്‍ തുറന്നിടുന്നത്. സനാതനധര്‍മ വിശ്വാസികളായ എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വി.മുരളീധരന്‍ യോഗത്തില്‍ പറഞ്ഞു.