ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ പ്രയോഗം; ഹിന്ദു ഹെൽപ്‌ലൈൻ കോർഡിനേറ്റർ പിടിയിൽ

ശബരിമല സന്ദര്‍ശനത്തിനായി തൃപ്‍തി ദേശായിക്ക് ഒപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്പ്രേ അടിച്ചയാൾ പിടിയിൽ. ഹിന്ദു ഹെല്‍പ് ലൈൻ കോർഡിനേറ്റർ ശ്രീനാഥിനെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളകു സ്പ്രേ അടിച്ചതായി ബിന്ദു അമ്മിണി ആരോപിച്ചിരുന്നു. കമ്മീഷണര്‍ ഓഫീസില്‍ നിന്ന് പുറത്തിറക്കി ബിന്ദുവിനെ മറ്റൊരു വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് കൈയേറ്റമുണ്ടായത്. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്‍പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലേക്ക് പോകാന്‍ സുപ്രീം കോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്‍തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു.

ഇത്തരത്തില്‍ ശബരിമല ദര്‍ശനത്തിന് സംഘം എത്തുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തൃപ്‍തി ദേശായിയും സംഘവും കമ്മീഷണറുടെ ഓഫീസിലുണ്ടെന്നാണ് വിവരം. പൂനെയില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ പുലര്‍ച്ചെയോടെയാണ് സംഘം എത്തിച്ചേര്‍ന്നത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്.

തൃപ്തി ദേശായിയെയും സംഘത്തെയും തിരികെ അയക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കര്‍മ്മസമിതി പ്രവര്‍ത്തകരുടെ നിലപാട്. ശബരിമലയില്‍ ആചാരലംഘനം അനുവദിക്കില്ലെന്ന് ബി.ജെ.പി നേതാക്കളും അറിയിച്ചു. അതിനിടെ, പ്രതിഷേധത്തിനിടെ ഒരു കര്‍മ്മസമിതി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കമ്മീഷണര്‍ ഓഫീസ് പരിസരത്ത് കൂടുതല്‍ പോൊലീസിനെ വിന്യസിച്ചിട്ടുണ്ട്.