ഇന്ത്യൻ അക്കാദമിക ചരിത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന ചരിത്രപണ്ഡിതനാണ് ഡോ. എംജിഎസ് നാരായണൻ. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്ന അദ്ദേഹം 200 ലേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. ചരിത്ര രംഗത്തും കേരളത്തിന്റെ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്.
ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് പെരുമാൾ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്. ശില താമ്ര ലിഖിതങ്ങൾ കണ്ടെത്തിയായിരുന്നു എംജിഎസിന്റെ ഗവേഷണം. കേരള ചരിത്ര ഗവേഷണത്തിൽ മികവ് തെളിയിച്ചു. അന്തർദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ട്.
മലയാളം, ഇംഗ്ലിഷ്, തമിഴ്, സംസ്കൃതം ഭാഷകളിലും ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥ ലിപികളിലും അവഗാഹമുള്ള എംജിഎസ് ശിലാരേഖ പഠനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. ചരിത്രത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയും സംബന്ധിച്ച തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ മടി കാട്ടാതിരുന്ന അദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിതുറന്നിട്ടുണ്ട്. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ മെംബർ സെക്രട്ടറിയും ചെയർമാനും ആയിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡിസിൽ കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, യൂണിവേഴ്സിറ്റി ഓഫ് മോസ്കോ, ലെനിൻഗ്രാഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റൽ സ്റ്റഡീസ് എന്നിവടങ്ങളിൽ വിസിറ്റിങ് ഫെലോ, ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റിഡിസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വജ്സ് ആൻഡ് കൾച്ചേഴ്സിൽ പ്രഫസർ എമരിറ്റസ്, മഹാത്മാഗാന്ധി സർവകലാശാല, മാംഗ്ലൂർ സർവകലാശാല എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1932 ഓഗസ്റ്റ് 20 ന് പൊന്നാനിയിലാണ് മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എംജിഎസ് നാരായണൻ ജനിച്ചത്. ഡോക്ടറായിരുന്നു പിതാവ് ഗോവിന്ദമേനോൻ. പരപ്പനങ്ങാടി ബിഇഎം സ്കൂൾ, പൊന്നാനി എവി ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ ഇന്റർമീഡിയറ്റ് പഠനത്തിനു ശേഷം ബിഎ ഇക്കണോമിക്സ് പഠിക്കാൻ തൃശൂർ കേരളവർമ കോളജിലേക്കു മാറി. ബിരുദം നേടിയ ശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ എംഎ ഇംഗ്ലിഷ് പഠിക്കാൻ പോയി.
Read more
പക്ഷേ പ്രവേശനം കിട്ടിയത് ഹിസ്റ്ററിക്കാണ്. അങ്ങനെയാണ് ചരിത്രപഠനത്തിന്റെ വഴിയിലേക്ക് എംജിഎസ് തിരിഞ്ഞത്. കേരള സർവകലാശാലയിൽ നിന്നു ചരിത്രത്തിൽ പിഎച്ച്ഡി നേടി. ഗുരുവായൂരപ്പൻ കോളേജ്, കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചരിത്ര വിഭാഗം തലവനായിരിക്കെ വിരമിച്ചു.