ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ (എച്ച്എല്‍എല്‍) ലേലത്തില്‍ കേരളത്തിന് പങ്കെടുക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരെ സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്. കേന്ദ്രം അയച്ച കത്ത് നിയമപരമായി നിലനില്‍ക്കില്ല. കേന്ദ്ര സര്‍ക്കാരിന്റേത് അടിസ്ഥാനമില്ലാത്ത നടപടിയാണെന്നും മന്ത്രി പറഞ്ഞു.
എച്ച്എല്‍എല്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് കേന്ദ്രത്തിന്റെ നീക്കം. ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള തടസം സംസ്ഥാന സര്‍ക്കാരിന് ബാധകമല്ലെന്നും കേരളം ലേലത്തില്‍ പങ്കെടുക്കുമെന്നും പി രാജീവ് പറഞ്ഞു.
അതേസമയം എച്ച്.എല്‍.എല്‍ ലേലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ പൊതുമേഖല സ്ഥാപനങ്ങള്‍ക്കോ പങ്കെടുക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തയച്ചു. കേന്ദ്രത്തിന്റെ സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമായിട്ടാണ് എച്ച്.എല്‍.എല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇത് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിരുന്നു.
കമ്പനിയുടെ കേരളത്തിലുള്ള ആസ്ഥികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തിയിരുന്നു. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ വിലക്ക് വന്നിരിക്കുന്നത്.
പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണവുമായി കേന്ദ്രം മുന്നോട്ട് പോകുമ്പോള്‍ അത് ഏറ്റെടുത്ത് നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കാതെ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നതില്‍ വിമര്‍ശനം ശക്തമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സര്‍ക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ സംരംഭങ്ങള്‍ക്കോ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാനാവില്ലെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം.
Read more
നേരത്തെ തിരുവനന്തപുരം വിമാനത്താവളം എറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യം അറിയിച്ചപ്പോഴും അനുമതി നിഷേധിച്ചിരുന്നു.