എച്ച്എംപി വൈറസ് ബാധ; അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റെന്ന് ആരോഗ്യമന്ത്രി, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല

രാജ്യത്ത് ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്‌എംപിവി) ബാധ വ്യാപിക്കുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. എച്ച്എംപിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റാണെന്ന് വീണാ ജോർജ്ജ് പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഈ വൈറസ് മുൻപും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.

എച്ച്‌എംപിവി പുതിയ വൈറസ് അല്ലെന്നും വൈറസിനെ നേരിടാൻ വേണ്ട മുൻകരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ജാഗ്രതയാണ് പ്രധാനം. മുൻകരുതലായി ഗർഭിണികളും രോഗികളും മാസ്ക് ധരിക്കണം. ഭയം വേണ്ട ജാഗ്രത നല്ലതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം കെഎംസിഎൽ ആണ് മരുന്ന് സപ്ലൈ ചെയ്യുന്നത്. എല്ലാ മരുന്നും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉണ്ട്, ഒപ്പം ചില സാങ്കേതിക പ്രശ്നങ്ങളും. അത് ഉടൻ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ആവർത്തിച്ചു. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി. മഹാരാഷ്ട്രയിൽ 7,13 വയസ് പ്രായമുളള കുട്ടികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിന് ചികിത്സ തേടിയ കുട്ടികൾ നിലവിൽ രോഗമുക്തരായി ആശുപത്രി വിട്ടു. ഇത് കൂടാതെ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ 2 വീതം കേസുകളും, ഗുജറാത്തിലും കൊൽക്കത്തയിലും ഒരോ കേസുകൾ വീതവുമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ആരുടെയും നില ഗുരുതരമല്ല. പലരും രോഗമുക്തരായി ആശുപത്രി വിട്ടു. ഇവരുടെ സാമ്പിൾ ജനിതക ശ്രേണീ പരിശോധനയ്ക്കയച്ചിട്ടുണ്ട്.