'അല്ലാഹുവിന് പറഞ്ഞാല്‍ തീരാത്ത ഹംദുകള്‍'; വീട്ടിലെ പ്രസവം സിമ്പിള്‍, സുഖപ്രദം, യാതൊരു കൈകടത്തലുമില്ല, അനുഭവുമായി യുവതിയുടെ കുറിപ്പ്; കേസെടുക്കണമെന്ന് നെറ്റിസണ്‍സ്

ആശുപത്രിയില്‍ ചികിത്സ തേടാതെ വീട്ടില്‍ സുഖപ്രസവം നടത്താമെന്ന് അനുഭവത്തിലൂടെ തുറന്ന് ഏഴുതിയ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. മലപ്പുറം വളാഞ്ചാരി സ്വദേശിയും അക്യുപങ്ചറിസ്റ്റുമായ ഹിറ ഹരീറയാണ് വീട്ടിലെ പ്രസവത്തിന് പ്രോത്സാഹനം നല്‍കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സമൂഹത്തില്‍ അപകടകരമായ സന്ദേശം നല്‍കുന്ന ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് നിരവധിപേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ ആക്ടിവിസ്റ്റെന്ന് അവകാശപ്പെടുന്ന ഹിറ കടുത്തമത വിശ്വാസിയാണെന്നും ഇത്തരം ജല്‍പനങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും ഡോക്ടര്‍മാര്‍ അടക്കം ഇവരുടെ പോസ്റ്റില്‍ മറുപടി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് യുവതി വീട്ടില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് മരിച്ചത് വന്‍ വിവാദമായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു വീട്ടിലെ പ്രസവം. ഇത്തരം പരിപാടികള്‍ പ്രോത്സാഹിപ്പിക്കലാണ് ഹിറയുടെ ലക്ഷ്യമെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഹിറ ഹരീറയെന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വീട്ടിലെ പ്രസവാനുഭവം
#home_birth #nature_birth #free_birth
അല്‍ഹംദുലില്ലാഹ്… അല്‍ഹംദുലില്ലാഹ്… അല്‍ഹംദുലില്ലാഹ്… അങ്ങനെ നമ്മുടെ യാതൊരു കൈകടത്തലും ഇല്ലാതെ, ശരീരത്തിന്റെ പ്രകൃതിപരമായ പ്രവര്‍ത്തനത്തിലൂടെ, വീട്ടില്‍ സമാധാനാന്തരീക്ഷത്തിലുള്ള പ്രസവം എന്ന വലിയൊരു ആഗ്രഹം സാധിച്ചു. പടച്ച റബ്ബിന് ആയിരമായിരം ഷുക്‌റ് .
എനിക്ക് രണ്ടാമത്തെ ഗര്‍ഭം 9 മാസവും 12 ാം ദിവസവും തികഞ്ഞിരിക്കെ,
രാവിലെ എണീറ്റപ്പോള്‍ തന്നെ ചെറുതായ ലക്ഷണം തോന്നി. പ്രസവം ഇന്നുണ്ടാകുമെന്ന തോന്നല്‍. വേദന വരാന്‍ കാത്തിരുന്ന എന്റെ മനസ്സില്‍ യാതൊരു ബേജാറും ഇല്ലായിരുന്നു. പ്രസവിക്കാന്‍ പോകുന്നു എന്ന വല്ലാത്തൊരു സന്തോഷവും സമാധാനവും മാത്രം. ഞങ്ങളുടെ കുഞ്ഞുവിരുന്നുകാരനെ/ വിരുന്നുകാരിയെ വരവേല്‍ക്കാനുള്ള ആകാംക്ഷയായിരുന്നു…

സുബ്ഹ് നമസ്‌കാരം കഴിഞ്ഞ് പുലര്‍ച്ചെ തന്നെ കുളി കഴിച്ചു. പതിവില്ലാതെ ഒന്ന് കണ്ണെഴുതാനും മുടി ഭംഗിയില്‍ കെട്ടിയൊതുക്കാനുമൊക്കെ തോന്നി. വുദു എടുത്ത് എല്ലാം എളുപ്പമാകാന്‍ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ച് പ്രാര്‍ത്ഥിച്ചു. കുറച്ച് ഖുര്‍ആനും ഓതി ബാക്കി ഒരുക്കങ്ങളിലേക്ക് കടന്നു. ഉമ്മ (ഹസ്ബന്റിന്റെ ഉമ്മ) പുലര്‍ച്ചെ തന്നെ ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ കുറച്ച് ദൂരം വരെ പോയതായിരുന്നു. വീട്ടില്‍ ഞാന്‍, മോള്‍, നവാസ്‌ക്ക, ഉപ്പയും മാത്രം .. ഉമ്മ സമാധാനമായി പോയി വരട്ടെ എന്ന് കരുതി ലക്ഷണം തുടങ്ങിയ കാര്യം അറിയിച്ചില്ല.

വീട്ടില്‍ കുറച്ചു ഭാഗങ്ങളെല്ലാം അടിച്ചുവാരി, തുടച്ചു. ബാത്‌റൂം കഴുകല്‍ കുളിയോടൊപ്പം കഴിച്ചിരുന്നു. വസ്ത്രങ്ങള്‍ അലക്കി ഉണക്കാനിട്ടു. അതിനിടയില്‍ തലേന്ന് വിളിച്ച ഒരു patient വന്നു. അവരെ treatment (acupuncture) ചെയ്തു കൊടുത്ത് പറഞ്ഞയച്ചു. മോളെ കുളിപ്പിച്ചൊരുക്കി ഭക്ഷണം കൊടുത്ത് പ്രസവമാകുമ്പോഴേക്കും എന്റെ വീട്ടിലേക്ക് പറഞ്ഞയക്കാന്‍ റെഡിയാക്കി. അനിയനോട് ഉച്ചക്കുള്ള മീനും മറ്റു സാധനങ്ങളും വാങ്ങി ഉമ്മമ്മയേയും കൂട്ടി വരാന്‍ പറഞ്ഞു. വേദന തുടങ്ങിയാല്‍ സഹായത്തിന് ഉമ്മയേയും ഉമ്മമ്മയേയും വിളിക്കാനായിരുന്നു ഉദ്ദേശ്യം. ഉമ്മയോട് നിങ്ങളുടെ പണികളെല്ലാം കഴിഞ്ഞ് പതിയെ വന്നാല്‍ മതി എന്നും പറഞ്ഞു.

പ്രസവവേദന കൂടി ഞാന്‍ കിടക്കുമ്പോഴേക്കും അവര്‍ക്ക് കഴിക്കാനുള്ള ഭക്ഷണവും ജ്യൂസും മറ്റുമെല്ലാം റെഡിയാക്കാമെന്ന് കരുതി. അരി അടുപ്പത്തിട്ടു. മറ്റു വിഭവങ്ങളും ready ആക്കി. വേദന വരുമ്പോള്‍ ഇരിക്കും വീണ്ടും പണികളില്‍ ഏര്‍പ്പെടും. ചെയ്തുതീര്‍ക്കാന്‍ കരുതിയ ഏറെക്കുറെ പണികള്‍ എല്ലാം തീര്‍ത്തു. 1മണി ആയപ്പോഴേക്കും അനിയനും ഉമ്മമ്മയും എത്തി. അപ്പോഴേക്കും വേദനയുടെ കടുപ്പം കൂടി വരുന്നുണ്ടായിരുന്നു. എളുപ്പത്തില്‍ മീന്‍ കായം തേച്ച് ചട്ടിയിലിട്ടു.

ഒന്നേമുക്കാലിന് ഉപ്പ ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ ഞാന്‍ അടുക്കളയിലുണ്ട്. വേദന തുടങ്ങിയത് ഉപ്പയോടും പറഞ്ഞിട്ടില്ല. ബാക്കി അടുക്കള ക്ലീനിങ്ങ് ഉമ്മമ്മാനെ ഏല്‍പ്പിച്ചു. നവാസ്‌ക്കയോട് കരിക്ക് വെട്ടാനും പറഞ്ഞു. രാവിലെ മുതല്‍ ഞാന്‍ ഒന്നും കഴിച്ചിരുന്നില്ല. എനിക്ക് വിശപ്പില്ലായിരുന്നു. മരുന്നോ ഗ്ലൂക്കോസോ ഒന്നുമില്ലാത്ത നമുക്ക് ക്ഷീണത്തിനുള്ള ഗ്ലൂക്കോസ് ഒന്നാന്തരം കരിക്ക് തന്നെ. റൂമില്‍ പോയി പ്രസവത്തിനായുള്ള സാധനങ്ങളെല്ലാം എടുത്തു വെച്ചു. അപ്പോഴേക്കും 2 മണി.
വേദന മുറുകുമ്പോള്‍ കിടക്കുന്നതിലേറെ ഇരിക്കുന്നതിലാണ് എനിക്ക് കംഫര്‍ട്ട് തോന്നിയത്. അതിനാല്‍ കുറച്ചുസമയം തൂങ്ങിപ്പിടിച്ച് നില്‍ക്കുകയും ഇരിക്കുകയുമെല്ലാം ചെയ്തു. ഉമ്മമ്മ കൂടെ നിന്ന് പതിയെ തലോടി തന്നു. മൂന്നര വയസ്സായ എന്റെ മോളും ഇടക്ക് വന്ന് മുഖത്ത് തടവുകയും ഉമ്മ തരികയുമെല്ലാം ചെയ്യുന്നുണ്ട്. എന്റെ വേദന കണ്ട് ഉള്ളില്‍ സങ്കടമുണ്ടെങ്കിലും അവളുടെ മുഖത്ത് കുട്ടി വരുന്നതിലുള്ള സന്തോഷമാണ്.

ഏകദേശം 2.15 ആയപ്പോഴേക്കും കട്ടിലിന്മേല്‍ ഒരു സൈഡില്‍ വിരിച്ചു കിടന്നു. നവാസ്‌ക്ക എന്റെ കൈ പിടിച്ച് കൂടെത്തന്നെയുണ്ടായിരുന്നു. വേദന ശക്തമായെങ്കിലും കുട്ടിയുടെ തല തിരിഞ്ഞിട്ടില്ല. ഇനിയും സമയമെടുക്കുമായിരിക്കും എന്ന് ഞാന്‍ സവാസ്‌ക്കയെ സമാധാനപ്പെടുത്തി. വേദന കൂടീട്ടുണ്ടെന്നറിഞ്ഞ് ഉമ്മയും ഉപ്പയും അനിയത്തിമാരും വീട്ടില്‍ നിന്ന് പെട്ടെന്ന് പുറപ്പെട്ടിരുന്നു. 20 മിനിട്ട് കൊണ്ട് എത്തുന്ന ദൂരത്തിലാണ് എന്റെ വീട്. 2.50 ന് അവര്‍ മുറ്റത്തെത്തിയപ്പോള്‍ നവാസ്‌ക്ക അവരെ കൂട്ടാന്‍ പുറത്തേക്ക് പോയി. അപ്പോഴും വയറില്‍ തൊട്ടു നോക്കുമ്പോള്‍ തല തിരിഞ്ഞിട്ടോ കുട്ടി താഴ്ന്നിട്ടോ ഇല്ല എന്ന് തോന്നി. എന്നാല്‍ വേദന നല്ല കഠിനമാകുന്നുണ്ട്…

അവിടന്ന് രണ്ട് മിനിട്ട് പോലും എടുത്തില്ല. തല തിരിയാതെത്തന്നെ പെട്ടെന്ന് അടിയില്‍ വന്ന് മുട്ടുകയും അടുത്ത വേദനയില്‍ കുഞ്ഞ് പുറത്തെത്തുകയും ചെയ്തു. അനിയത്തി വാതില്‍ തുറന്ന് വന്നതും കുഞ്ഞ് പുറത്തേക്കൊഴുകിയതും ഒപ്പമായിരുന്നു. പുറത്ത് ചാടുമ്പോള്‍ ഉമ്മമ്മയാണ് കുട്ടിയെ കൈകാട്ടി പിടിച്ചത്. അതുവരെ എന്റൊപ്പമുണ്ടായിരുന്ന നവാസ്‌ക്ക കുഞ്ഞ് പുറത്ത് വരുന്ന ആ നിമിഷത്തില്‍ അവിടെയുണ്ടായില്ല. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് നവാസ്‌ക്കയും ഉമ്മയും റൂമിലേക്ക് ഓടി വന്നത്.

മോളും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി സന്തോഷം പ്രകടിപ്പിച്ച് ഓടി വന്നു. എല്ലാവര്‍ക്കും സന്തോഷത്താലും കണ്ണീരാലും ചുവന്നു തുടുത്ത മുഖം… ഉമ്മ കുഞ്ഞിനെ തുടച്ചെടുത്ത് പിടിച്ചു തന്ന്, നവാസ്‌ക്ക ക്ലിപ്പ് അമര്‍ത്തി, ഞാന്‍ പൊക്കിള്‍കൊടി മുറിച്ചു. അനിയനും ഉപ്പമാരും വന്ന് കുഞ്ഞിനെ കണ്ടു. ജനനവിവരമറിഞ്ഞ് രോഗസന്ദര്‍ശനത്തിന് പോയ ഉമ്മയും പെട്ടെന്ന് ഓടിയെത്തി.
വളരെ കുറഞ്ഞ സമയം കൊണ്ട് വളരേ എളുപ്പത്തിലായിരുന്നു എന്റെ പ്രസവം. അല്‍ഹംദുലില്ലാഹ് . Breech presentation ല്‍ കുഞ്ഞിക്കാലുകളാണ് ആദ്യം പുറത്തു വന്നത്. അപ്പോള്‍ തന്നെ ഒറ്റ സെക്കന്റിനുള്ളില്‍ വളരെ സുഗമമായി, കുട്ടി മുഴുവനായും പുറത്തേക്ക് വന്നു. സുബ്ഹാനല്ലാഹ്…. വേദനയുടെ കാഠിന്യത്തിനപ്പുറം എത്ര സുഖമുള്ള അനുഭവം! സുഖപ്രസവം! അത്രത്തോളം ഓരോ നിമിഷവും ആസ്വദിച്ചനുഭവിച്ച എന്റെ ജീവിതത്തിലെ ഒരു മുഹൂര്‍ത്തം.

പ്രസവം കഴിഞ്ഞ് പത്ത് മിനിട്ടിനുള്ളില്‍ ചെറിയൊരു വേദനയോടു കൂടി മറുപിള്ളയും വന്നു. ഞാന്‍ എണീറ്റ് കുളിച്ച് ഞങ്ങളുടെ കുഞ്ഞു വിരുന്നുകാരനേയും കൂട്ടി അവന്‍ ഭൂമിയിലേക്ക് പിറന്നു വീണ ഞങ്ങളുടെ മുറിയിലെ കട്ടിലില്‍ തന്നെ ഇരുന്ന് ഒരു ഫോട്ടോ എടുത്തു. അല്ലാഹുവിന് പറഞ്ഞാല്‍ തീരാത്ത ഹംദുകള്‍…
ഇന്ന് ഹോസ്പിറ്റലുകളിലെ എല്ലാ വിധ സാങ്കേതികവിദ്യകളോടും കൂടി മാത്രം നടക്കുന്ന പ്രസവം എന്ന പ്രക്രിയ വളരേ സിമ്പിള്‍ ആയി വീട്ടില്‍ നടക്കുമ്പോള്‍ കൂടെയുള്ള ഉമ്മമ്മാക്കോ നവാസ്‌ക്കാക്കോ എനിക്കോ ഒരു തരി ആശങ്കയോ പേടിയോ ഇല്ലായിരുന്നു എന്നത് തന്നെ വളരേയേറെ ആശ്വാസം നല്‍കി.

നമ്മുടെ ശരീരത്തില്‍ നടക്കുന്ന പ്രകൃതിപരമായ പ്രവര്‍ത്തനത്തിലുള്ള (Self curing mechanism) വിശ്വാസവും, അടിയുറച്ച തീരുമാനവും മനസ്സിനെ ഒരു തരി പതറാതെ നിര്‍ത്തുകയും പടച്ചവന്റെ അപാരമായ അനുഗ്രഹത്താല്‍ എല്ലാം മനോഹരമായി കഴിയുകയും ചെയ്തു.
എടുത്തു പറയാനുള്ളത് ..

-Pregnancy period ല്‍ ഒരു തവണ പോലും ഹോസ്പിറ്റലില്‍ പോകുകയോ scanning ഓ മറ്റു check-up കളോ നടത്തുകയോ ചെയ്തിട്ടില്ല. യാതൊരു മരുന്നും കഴിച്ചിട്ടില്ല.
– ഗര്‍ഭിണിയായാല്‍ വെള്ളവും ഭക്ഷണവും രണ്ടാള്‍ക്കുള്ളത് കഴിക്കണമെന്നും, വൈറ്റമിന്‍സ് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കണമെന്നുമുള്ള തെറ്റായ പൊതുബോധത്തിന് വിപരീതമായി, ദാഹത്തിനനുസരിച്ച് മാത്രം വളരെ കുറച്ച് വെള്ളവും ഒന്നോ രണ്ടോ നേരം മാത്രം എനിക്ക് ഇഷ്ടം തോന്നുന്ന ഭക്ഷണങ്ങള്‍ മാത്രവും കഴിച്ച്, ഈത്തപ്പഴവും വത്തക്കയും ഒരു മുറുക്ക് വെള്ളവും മാത്രമുള്ള അത്താഴം കൊണ്ട് മുഴുവന്‍ നോമ്പുമെടുത്ത് ഗര്‍ഭകാലം കഴിച്ചു കൂട്ടിയതിനാലാണ് എന്റെ ഗര്‍ഭകാലവും പ്രസവവും ഇത്ര സുഖമമായതെന്ന് എനിക്ക് പറയാന്‍ കഴിയും. (എന്നിട്ടും ഞാന്‍ 7 kg Weight കൂടി. കുട്ടി 2.600 kg ഒന്നാമത്തെ കുട്ടിയുടെ അതേ തൂക്കം തന്നെ. പാലും ഒട്ടും കുറവില്ല)

-ഗര്‍ഭകാലം maximum 9 മാസം 7 ദിവസം എന്ന ഇക്കാലത്തെ കണക്കിനെ തെറ്റിച്ച് 9 മാസം 12 ാം ദിവസമാണ് ഞാന്‍ പ്രസവിച്ചത്.
– തലക്ക് പകരം കാലാണ് ആദ്യം വന്നത്. എന്നിട്ടും യാതൊരു ബുദ്ധിമുട്ടുമില്ലാതെ, കയ്യില്‍ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി.
– പ്രസവിച്ച സ്ത്രീകള്‍ക്കെല്ലാം തുന്നിടുന്ന ഈ കാലത്ത് ചെറിയൊരു പൊട്ടല്‍ പോലും വജൈനല്‍ ഭാഗത്ത് ഉണ്ടായില്ല എന്നത് എന്നെ ഏറെ കൗതുകപ്പെടുത്തി. അതിനാല്‍ തന്നെ പ്രസവം കഴിഞ്ഞാലും ഉടന്‍ നടക്കാനും ഇരിക്കാനും എന്റെ കാര്യങ്ങള്‍ സ്വയം ചെയ്യാനും അനായാസം കഴിയുന്നു.

– പ്ലാസെന്റയും, ഗര്‍ഭപാത്രത്തില്‍ നിന്നുള്ള മറ്റു മാലിന്യങ്ങളും നമ്മള്‍ വലിച്ചെടുക്കുകയോ, ഉള്ള് ക്ലീന്‍ ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല. ശരീരം തന്നെ സ്വയം അത് മുഴുവനായും പുറംതള്ളുന്നു.
-പ്രസവവേദനയനുഭവിക്കുന്ന സമയത്ത് ആശ്വസിപ്പിക്കാനും തലോടാനുമെല്ലാം സ്വന്തക്കാര്‍ അരികിലുണ്ടാകുക എന്നത് ഏതൊരു സ്ത്രീയുടേയും വലിയ ആഗ്രഹമായിരിക്കും. പ്രിയതമനും ഉമ്മയുമടക്കം വേണ്ടപ്പെട്ടവരുടെയെല്ലാം നിറസാന്നിദ്ധ്യം ആ സമയത്ത് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്.
ഹിറ ഹരീറ

Latest Stories

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഒരു റൈറ്റ് പഞ്ച്, ഒരു ലെഫ്റ്റ് പിന്നെ അപ്പര്‍കട്ട്; ഇത് ജിവിഎം എഫക്ട്; ആവേശത്തിരയിളക്കി ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് ടീസര്‍

ഡോളറിന് ബദല്‍ സാധ്യമോ? ഡീ ഡോളറൈസേഷന്‍ എന്ത്?; ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?

ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?