ഹോമിയോ മരുന്നു നൽകുന്നതിൽ നിയന്ത്രണമില്ല; പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് ഡോക്ടർമാർ

ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ഇനിയും തങ്ങള്‍ ചികിത്സിയ്ക്കുന്ന രോഗികള്‍ക്കു മരുന്നു നല്‍കുന്നതിന് തടസ്സമില്ലെന്ന് ഹോമിയോ ഡോക്ടർമാർ വ്യക്തമാക്കി. എന്നാൽ മരുന്ന് വിൽപ്പന സംബന്ധിച്ചാണ് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് ഉണ്ടായിട്ടുളളതെന്ന് അവർ പറഞ്ഞു. ഹോമിയോ മരുന്നു വില്‍പനയില്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര ആരോഗ്യ കുടംബക്ഷേമ മന്ത്രാലയം ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തിൽ ഭേദഗതിയുടെ അടിസ്ഥാനത്തിലാണിത്.

തങ്ങളുടെ രോഗികള്‍ക്ക് ചികിത്സിച്ചു മരുന്നു നല്‍കുന്നതില്‍ വിലക്കില്ലെന്നും, പുതിയ ഭേദഗതി ഹോമിയോ വിഭാഗത്തിന് ഗുണമേ ചെയ്യൂവെന്നും ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപതി കേരളയുടെ മുന്‍ അധ്യക്ഷന്‍ ഡോക്ടര്‍ ബിജു എസ്. ജി., ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു. ഫെബ്രുവരിയിൽ ഇറങ്ങിയ വിജ്ഞാപനത്തിനു പുറത്താണ് തെറ്റായ വാർത്തകൾ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“യുപിയിലും മറ്റും മരുന്നു വില്‍പനയില്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്. മരുന്നുകളുടെ വില്‍പന മാത്രമേ തടയുന്നുള്ളൂ. അതാത് ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ രോഗികള്‍ക്ക് മരുന്നു നല്‍കുന്നതില്‍ വിലക്കില്ല,” ഡോക്ടര്‍ ബിജു പറഞ്ഞു.

നിലവിലെ ഭേദഗതി പ്രകാരം സ്വന്തം ക്ലിനിക്കില്‍ നിന്നും തന്റെ ചികിത്സയിലല്ലാത്ത രോഗികളുടെ മരുന്നുകുറിപ്പടിമേല്‍ മരുന്ന് വില്‍ക്കുന്നതും ഹോമിയോ മരുന്ന് ഷോപ്പുകളില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ അവിടങ്ങളിലെ മരുന്ന് വില്‍പനയില്‍ ഭാഗഭാക്കാവുന്നതിലുമാണ് വിലക്കേര്‍ക്കെടുത്തിയിരിക്കുന്നത്.

അതേസമയം ഈ ഭേദഗതി ഹോമിയോ ഡോക്ടര്‍മാരെയും രോഗികളെയും സാമ്പത്തികമായി ബാധിക്കാന്‍ ഇടയുണ്ടെന്ന് ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോക്ടര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.

“2017ലെ 11ാം ഭേദഗതി സാമ്പത്തികമായി ഡോക്ടര്‍മാരെയും രോഗികളെയും ബാധിക്കും എന്നു പറയേണ്ടിയിരിക്കുന്നു. കാരണം പുതിയ നിയമപ്രകാരം സീല്‍ഡ് ബോട്ടിലുകളില്‍ മാത്രമേ മരുന്നു വില്‍പന അനുവദിക്കുകയുള്ളൂ. ഡോക്ടര്‍മാരുടെ അടുത്ത് മരുന്നിനായി രോഗികള്‍ എത്തുമ്പോള്‍ ആവശ്യമുള്ളത് മാത്രമേ നല്‍കാറുള്ളൂ. എന്നാല്‍ ഫാര്‍മസിയില്‍ പോയി വാങ്ങുമ്പോള്‍ സീല്‍ഡ് ബോട്ടിലുകളില്‍ മാത്രമാണ് മരുന്ന് നല്‍കുക. അത് ചെലവേറിയ രീതിയാണ്. മാത്രമല്ല, ആവശ്യത്തില്‍ കൂടുതല്‍ അളവും ഉണ്ടാകും. പൈസമുടക്കി വാങ്ങിയതല്ലേ എന്നു കരുതി ആളുകള്‍ ചിലപ്പോള്‍ ഇത് മുഴുവന്‍ ഉപയോഗിക്കും. അങ്ങിനെ ഒരു ദോഷവശം കൂടി ഇതിനുണ്ട്. ഇനി മറ്റൊരു പ്രശ്‌നം ഹോമിയോ മരുന്നുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ എണ്ണം കുറവാണ് എന്നതാണ്. ഞാന്‍ ജോലി ചെയ്യുന്നത് കോഴിക്കോടാണ്. ഇവിടെ ആകെ 15 ഫാര്‍മസികളേ ഉള്ളൂ ഇത്തരത്തില്‍. പലപ്പോഴും അങ്ങനത്തെ സാഹചര്യത്തിലാണ് രോഗികള്‍ മരുന്നുകള്‍ക്കായി ഡോക്ടര്‍മാരെ സമീപിക്കുന്നത്. വില്‍പന തടഞ്ഞ സ്ഥിതിക്ക് ഇനി ഫാര്‍മസി അന്വേഷിച്ച് കണ്ടു പിടിക്കേണ്ടി വരും.”

എന്നാല്‍ രോഗികള്‍ക്ക് മരുന്നു നല്‍കാനാകില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യാവസ്ഥയുമില്ലെന്നും ഡോക്ടര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും ഡോക്ടര്‍മാര്‍ കണക്കില്ലാതെ മരുന്ന് വാങ്ങിക്കൂട്ടി വില്‍പന നടത്തുന്നുണ്ട്. അതിന് നിയന്ത്രണം വരുത്തുക എന്നതാണ് ഈ ഭേദഗതിയുടെ ഉദ്ദേശം. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും നല്ലൊരു തീരുമാനം തന്നെയാണ്.

അലോപ്പതി മരുന്ന് വില്‍ക്കുന്ന മെഡിക്കല്‍ ഷോപ്പുകളില്‍ ഹോമിയോ മരുന്നുകള്‍ വില്‍ക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഹോമിയോപ്പതിയിലോ ഫാര്‍മസിയിലോ നിശ്ചിത യോഗ്യതയുള്ളവര്‍ ഇത്തരം മെഡിക്കല്‍ ഷോപ്പുകളില്‍ വേണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ ഹോമിയോ മെഡിക്കല്‍ ഷോപ്പുകള്‍ കാര്യമായി ഇല്ലാത്ത സാഹചര്യത്തിലാണ് ഈ നടപടി.

ഫാർമസികളിൽ ഹോമിയോ ഡോക്ടർമാർ പരിശോധന നടത്തുന്നതും പുതിയ ഭേദഗതി പ്രകാരം വിലക്കിയിട്ടുണ്ട്. മേളകളിലും മറ്റും ഹോമിയോ മരുന്നുകൾ പ്രചരണാർത്ഥം പ്രദർശിപ്പിക്കുന്നതിനും വിലക്കുകളില്ല. മരുന്നുകൾ വീര്യംകുറച്ച മിശ്രിതമാക്കി വിൽക്കുന്നതിൽ കാലാവധി ഇനി ബാധകമല്ല.