ഫോണ്‍ കെണി: എ.കെ.ശശീന്ദ്രനു തിരിച്ചടി; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാനുള്ള ശശീന്ദ്രന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഫോണ്‍ കെണി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയിരുന്ന ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റുന്നതിനു തൊട്ടുമുന്‍പാണ് നീക്കം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ആവശ്യപ്പെട്ടിരുന്നു.

ഇതോടെ മന്ത്രിയാകാന്‍ എ.കെ. ശശീന്ദ്രന് ഇനിയും കാത്തിരിക്കേണ്ടിവരും എന്നതാണ് അവസ്ഥ. കുറ്റമുക്തനായി ആദ്യം എത്തുന്ന എന്‍.സി.പി എം.എല്‍.എക്ക് മന്ത്രിസ്ഥാനം എന്ന ഉറപ്പ് സി.പി.എമ്മില്‍നിന്ന് പാര്‍ട്ടി നേടിയെടുത്തിരുന്നു. അതേസമയം വയല്‍നികത്തി റോഡുണ്ടാക്കുന്നതിന് തോമസ് ചാണ്ടിക്കെതിരെ ഇന്നലെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് ഇന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ നിലപാടെടുക്കുകയും ചെയ്തു. ഇരുവര്‍ക്കുമെതിരായ കേസുകളില്‍ തീരുമാനമുണ്ടാകും വരെ എന്‍.സി.പിയുടെ മന്ത്രിസ്ഥാനത്തിനായി കാത്തിരിപ്പ് നീളും.

കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പായെന്നും അതിനാല്‍ കേസ് പിന്‍വലിക്കണമെന്നുമായിരുന്നു പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ആവശ്യപ്പെട്ടിരുന്നത്. മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ 2016 നവംബര്‍ എട്ടിനു ചാനല്‍ പ്രവര്‍ത്തകയോട് അശ്ലീല സംഭാഷണം നടത്തിയെന്നും മര്യാദവിട്ടു പെരുമാറിയെന്നുമാണ് മന്ത്രിക്കെതിരായ പരാതി.