തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ശരീര അവശിഷ്ടങ്ങള്‍ മോഷണം പോയി. ശസ്ത്രക്രിയയ്ക്ക് ശേഷം പരിശോധനയ്ക്ക് അയക്കാന്‍ മാറ്റിവച്ചിരുന്ന ശരീര ഭാഗങ്ങളാണ് മോഷണം പോയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. പത്തോളജി ലാബിന് സമീപം സൂക്ഷിച്ചിരുന്ന ശരീര അവയവങ്ങളാണ് കാണാതായത്.
ശനിയാഴ്ച രാവിലെയോടെ ആംബുലന്‍സ് ഡ്രൈവറും അറ്റന്ററും അവയവങ്ങള്‍ പത്തോളജി ലാബിന് സമീപം വച്ച് മടങ്ങി. തിരികെ വന്ന ജീവനക്കാര്‍ അവയവങ്ങള്‍ കാണാതായതോടെ മോഷണം നടന്നതായി മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലാബിന് ചുറ്റും അലഞ്ഞുതിരിഞ്ഞ് നടന്ന ആക്രിക്കാരനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് മോഷണം പോയ അവയവങ്ങള്‍ പൊലീസ് കണ്ടെത്തി. വിലയേറിയ വസ്തുവാണെന്ന് കരുതിയാണ് ഇയാള്‍ അവയവങ്ങള്‍ മോഷ്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷമേ കൃത്യമായ വിവരം അറിയാന്‍ സാധിക്കുളളൂവെന്നും പൊലീസ് പറയുന്നു.