തിരുവനന്തപുരം ചാക്കയില്‍ വയോധികയായ മാതാവിന് അധ്യാപികയായ മകളുടെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കിയത് അധ്യാപികയുടെ മകളാണ്. 80 വയസിലേറെ പ്രായമുള്ള മുത്തശ്ശിയെ അമ്മ നിരന്തരമായി മര്‍ദ്ദിക്കുന്നുവെന്ന് കാട്ടിയാണ് ചെറുമകള്‍ പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അധ്യാപികയായ സ്ത്രീ വയോധികയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നുമാണ് പരാതി. വര്‍ഷങ്ങളായി വയോധിക മകളുടെ പീഡനം നേരിടുന്നതായി പരാതിയില്‍ പറയുന്നു. സ്‌ട്രോക്ക് വന്നിട്ടും മുത്തശ്ശിക്ക് ആവശ്യമായ ചികിത്സയോ മരുന്നോ അമ്മ നല്‍കുന്നില്ലെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.
വിദേശത്തായിരുന്ന പരാതിക്കാരി കഴിഞ്ഞ സെപ്റ്റംബറിലാണ് നാട്ടിലെത്തിയത്. അന്ന് മുതല്‍ അമ്മ മുത്തശ്ശിയെ നിരന്തരം ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മുത്തശ്ശിയെ ഉപദ്രവിക്കരുതെന്ന് പെണ്‍കുട്ടി വിലക്കിയിട്ടും അധ്യാപികയായ സ്ത്രീ പീഡനം തുടര്‍ന്നു. മുത്തശ്ശിക്കായി വാദിച്ച പെണ്‍കുട്ടിയോട് വീട് വിട്ട് പോകാനായിരുന്നു അധ്യാപിക പറഞ്ഞത്.
ഇതേ തുടര്‍ന്ന് പെണ്‍കുട്ടി തന്റെ മാതാവിനെതിരെ മുത്തശ്ശിയെ മര്‍ദ്ദിക്കുന്നുവെന്ന് കാട്ടി പേട്ട പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അധ്യാപിക സ്റ്റേഷനിലെത്തി പെണ്‍കുട്ടിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും വീട്ടില്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും അറിയിച്ചു. ഇതോടെ പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചതായും പെണ്‍കുട്ടി ആരോപിക്കുന്നു.
Read more
നിലവില്‍ പരാതിക്കാരിയായ പെണ്‍കുട്ടി മറ്റൊരു വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസമാണ് മാതാവ് മുത്തശ്ശിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. മുത്തശ്ശിയെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.