സംസ്ഥാനത്ത് ഷവര്‍മ്മ വില്‍ക്കുന്ന ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം കര്‍ശന പരിശോധന നടത്തണമെന്ന് ഹൈകോടതി. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ഷവര്‍മ്മ ഉണ്ടാക്കുന്ന ഭക്ഷണശാലകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകള്‍ക്ക് പിഴയിട്ട് ലഘൂകരിക്കാതെ ലൈസന്‍സ് തന്നെ റദ്ദാക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.
2022ല്‍ കാസര്‍കോട് ഷവര്‍മ്മ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈകോടതിയുടെ നിര്‍ണായക ഉത്തരവ്. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണകോടതിക്ക് ഹൈകോടതി നിര്‍ദേശവും നല്‍കി.
സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. ലൈസന്‍സില്ലാതെ ഷവര്‍മ വിറ്റാല്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും നിര്‍ദേശിക്കുന്ന വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു.
ഷവര്‍മ്മ നിര്‍മ്മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഷവര്‍മ്മ നിര്‍മ്മിക്കുന്നവര്‍ ശാസ്ത്രീയമായ ഷവര്‍മ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുത്ത് മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വന്തം സ്ഥാപനങ്ങളില്‍ നടപ്പില്‍ വരുത്തേണ്ടതുമാണ്. പ്രാഥമികഘട്ട ഉത്പാദന സ്ഥലം മുതല്‍ ഉപയോഗിക്കുന്ന സ്റ്റാന്റ്, ടേബിള്‍ എന്നിവ പൊടിയും അഴുക്കും ആകുന്ന രീതിയില്‍ തുറന്ന് വെക്കാതെ വൃത്തിയുള്ളതായിരിക്കണം. ഷവര്‍മ്മ സ്റ്റാന്റില്‍ കോണില്‍ നിന്നുള്ള ഡ്രിപ് കളക്ട് ചെയ്യാനുള്ള ട്രേ സജ്ജീകരിച്ചിട്ടുള്ളതായിരിക്കണം.
ഷവര്‍മ്മ ഉത്പാദനത്തിന് ഉപയോഗിക്കുന്ന ഫ്രീസറുകള്‍ (-18°C), ചില്ലറുകള്‍ (4°C) വൃത്തിയുളളതും കൃത്യമായ ഊഷ്മാവില്‍ സൂക്ഷിക്കേണ്ടതുമാണ്. പെഡല്‍ ഓപ്പറേറ്റഡ് വേസ്റ്റ് ബിന്നുകള്‍ ഉപയോഗിക്കേണ്ടതാണ്. കൃത്യമായ ഇടവേളകളില്‍ വേസ്റ്റ് മാറ്റണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ ഹെയര്‍ ക്യാപ്, കൈയ്യുറ, വൃത്തിയുള്ള ഏപ്രണ്‍ എന്നിവ ധരിച്ചിരിക്കണം. ഷവര്‍മ്മ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും കൈകാര്യം ചെയ്യുന്നവര്‍ക്കും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
4 മണിക്കൂര്‍ തുടര്‍ച്ചയായ ഉത്പാദന ശേഷം കോണില്‍ ബാക്കി വരുന്ന ഇറച്ചി ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഷവര്‍മ്മ പാര്‍സല്‍ നല്‍കുമ്പോള്‍ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷിക്കണം എന്നീ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ലേബല്‍ ഒട്ടിച്ച ശേഷം മാത്രം ഉപഭോക്താവിന് നല്‍കുക. എല്ലാ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീന്‍ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണ്.