ഇടുക്കി പൈനാവില്‍ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരൻറെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി നിരപ്പേൽ സന്തോഷ് അറസ്റ്റിൽ. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബോഡിമേട്ടിൽ വെച്ചാണ് പ്രതി പിടിയിലായത്. ഒളിവിലായിരുന്ന ഇയാൾ വീണ്ടുമെത്തി വീടുകൾക്ക് തീയിടുകയായിരുന്നു.
ഭാര്യ മാതാവിനെ കൊല്ലാൻ ആയിരുന്നു പ്രതിയായ സന്തോഷ് രണ്ട് വീടുകള്‍ക്ക് തീയിട്ടുകൊണ്ട് ആക്രമണം നടത്തിയതെന്ന് ഇടുക്കി എസ്പി ടി.കെ വിഷ്ണു പ്രദീപ് പറഞ്ഞു. സന്തോഷിന്‍റെ ഭാര്യ പ്രിൻസിയെ വിദേശത്തേക്ക് സന്തോഷിന്റെ സമ്മതം ഇല്ലാതെയാണ് അയച്ചത്. ഭാര്യയെ വിദേശത്ത് അയച്ചതില്‍ സന്തോഷിന് എതിര്‍പ്പുണ്ടായിരുന്നു. വിദേശത്തു എത്തിയ ശേഷം വിവാഹ മോചനം ആവശ്യപ്പെട്ടു. ഇതും പ്രകോപനത്തിന് കാരണമായതായി എസ്പി പറഞ്ഞു.
ഒളിവിൽ കഴിയുകയായിരുന്ന സന്തോഷ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പൈനാവ് അമ്പത്തിയാറ് കോളനിയില്‍ സ്ഥിതി ചെയ്യുന്ന രണ്ട് വീടുകള്‍ക്ക് തീയിട്ടത്. ഭാര്യ മാതാവ് അന്നക്കുട്ടി വീട്ടിൽ ഉണ്ടാകുമെന്ന് കരുതിയാണ് സന്തോഷ് വീടിന് തീയിട്ടത്. അന്നക്കുട്ടിയെയും കൊച്ചു മകളെയും ആക്രമിച്ച ശേഷം തമിഴ്നാട്ടിലണ് സന്തോഷ് ഒളിവില്‍ കഴിഞ്ഞതെന്നും ഇവിടെ നിന്നും തിരിച്ചെത്തിയാണ് വീടുകള്‍ക്ക് തീയിട്ടതെന്നും എസ് പി ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു.
നേരത്തെ ഇയാൾ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരൻറെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിന് ശേഷം ശേഷം പ്രതി തമിഴ്‌നാട്ടിലേക്ക് മുങ്ങി. പ്രതിയെ പിടികൂടാൻ പരമാവധി ശ്രമം നടത്തിയിരുന്നു. തമിഴ് നാട്ടിൽ ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും പ്രതി മൊബൈൽ ഉപയോഗിക്കാത്തതിനാൽ തെരച്ചിൽ ദുഷ്‌കരം ആയിരുന്നുവെന്നും എസ് പി കൂട്ടിച്ചേര്‍ത്തു. ഇയാളെ തിരയുന്നതിനിടെയാണ് വീണ്ടും ആക്രമണ സംഭവമുണ്ടായതും തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടിയതും.