പണം നല്‍കി സ്ത്രീയെക്കൊണ്ട് ആരോപണം ഉന്നയിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനിറങ്ങുന്നവര്‍ എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരാകുന്നതെന്ന് കെകെ രമ എംഎല്‍എ. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായി ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് കെകെ രമ നിയമസഭയില്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസില്‍ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിയമസഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രമ. ദല്ലാള്‍ നന്ദകുമാറിന്റെ കാര്‍മ്മികത്വത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗൂഢാലോചന നടന്നതെന്ന് വ്യക്തമാകുകയാണെന്നും രമ കൂട്ടിച്ചേര്‍ത്തു.
നന്ദകുമാറും സരിതയും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച ചെയ്താണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. പണം നല്‍കി സ്ത്രീയെക്കൊണ്ട് ആരോപണം ഉന്നയിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനിറങ്ങുന്നവര്‍ എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരാകുന്നതെന്നും ഗൂഢാലോചനയുടെ ഭാഗമായവര്‍ നിയമ നടപടിയ്ക്ക് വിധേയരാകണമെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.
കേരളത്തെ ലജ്ജിപ്പിക്കുന്ന ഈ കേസില്‍ സിബിഐയെ കൊണ്ടുതന്നെ തുടരന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം. നെറികെട്ട വ്യക്തിഹത്യയ്ക്ക് മൗനാനുവാദം നല്‍കിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനോടും കേരളത്തിന്റെ പൊതുസമൂഹത്തിനോടും മാപ്പ് പറയണമെന്നും കെകെ രമ പറഞ്ഞു.