പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതി ഗ്രീഷ്മ. സാവധാനം വിഷം നല്‍കി ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ആദ്യം ശ്രമിച്ചതെന്ന് ഗ്രീഷ്മ പറഞ്ഞു. കഷായത്തില്‍ കീടനാശിനി കലക്കി നല്‍കിയതിന് മുമ്പ് തന്നെ ജ്യൂസില്‍ വേദനസംഹാരി ഗുളികകള്‍ അമിതമായ അളവില്‍ കലര്‍ത്തി നല്‍കി ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചത് അങ്ങനെയാണെന്ന് ഗ്രീഷ്മ ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു.
ഇക്കാര്യങ്ങളെ കുറിച്ച് അറിയാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. ഇതിലൂടെയാണ് ചില വേദനസംഹാരി ഗുളികകള്‍ അമിതമായ അളവില്‍ ഉള്ളില്‍ ചെന്നാല്‍ വൃക്കകള്‍ തകരാറിലാകുമെന്നും പിന്നീട് മരണത്തിലേക്ക് നയിക്കുമെന്നും കണ്ടെത്തി. ഗ്രീഷ്മയുടെ അച്ഛന് ഇഎസ്ഐ ആശുപത്രിയില്‍ നിന്ന് ലഭിച്ച ചില ഗുളികകള്‍ ശേഖരിച്ച് വെള്ളത്തിലിട്ട് ലയിപ്പിച്ച ശേഷം ജ്യൂസില്‍ കലര്‍ത്തിയായിരുന്നു ഷാരോണിന് നല്‍കിയത്.
ജ്യൂസ് ചലഞ്ച് എന്ന പേരിലാണ് ഷാരോണിന് ഇത് നല്‍കിയത്. എന്നാല്‍ കയ്പു കാരണം ഷാരോണ്‍ ജ്യൂസ് തുപ്പികളഞ്ഞു. പഴകിയ ജ്യൂസ് ആയിരിക്കുമെന്നായിരുന്നു അന്ന് ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞത്. ഇന്നലത്തെ തെളിവെടുപ്പിനിടെയായിരുന്നു ഗ്രീഷ്മയുടെ ഈ വെളിപ്പെടുത്തല്‍.
ഷാരോണ്‍ പഠിച്ചിരുന്ന കോളജില്‍ വെച്ചും ഗ്രീഷ്മയുടെ വധശ്രമം ഉണ്ടായി. ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതക ശ്രമം. ഇതിനായി അമ്പതിലധികം ഗുളികകള്‍ തലേന്നെ കുതിര്‍ത്ത് കൈയില്‍ കരുതി.
ശേഷം ഷാരോണിന്‍റെ കോളജിലെത്തി ജ്യൂസ് ചലഞ്ച് നടത്തി. കോളജിലെ ശുപിമുറിയില്‍ വെച്ച് ജ്യൂസില്‍ ഗുളികകള്‍ കലര്‍ത്തി. ജ്യൂസ് കുടിച്ച ഷാരോണ്‍ കയ്പ്പ് കാരണം തുപ്പി കളഞ്ഞുവെന്നും ഗ്രീഷ്മ മൊഴി നല്‍കി. ഗ്രീഷ്മയെ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തി.