താമരശ്ശേരി കട്ടിപ്പാറയിൽ നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്‌ത അധ്യാപിക അലീന ബെന്നിക്ക് ഒടുവിൽ നിയമനാംഗീകാരം. അദ്ധ്യാപിക മരിച്ച് ഒരു മാസം കഴിയുമ്പോഴാണ് ഈ നിയമനാംഗീകാരം. മാർച്ച് 15 നാണ് അലീനയെ LPST ആയി നിയമിച്ചുകൊണ്ടുള്ള നടപടി ഉണ്ടായത്. 9 മാസത്തെ ശമ്പളആനുകൂല്യങ്ങളാണ് അലീനയുടെ കുടുംബത്തിന് ലഭിക്കുക.
ഇക്കഴിഞ്ഞ ഫെബ്രുവരി 19 നാണ് അഞ്ചുവർഷത്തോളം നിയമനവും ശമ്പളവും ലഭിക്കാത്ത നിരാശയിൽ അലീന ബെന്നി ആത്മഹത്യ ചെയ്‌തത്. കോടഞ്ചേരി സെൻ്റ് ജോസഫ് സ്‌കൂൾ അധ്യാപികയായിരുന്നു അലീന. അലീന സ്കൂളിൽ എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ശമ്പളം കിട്ടാത്തത്തിൻ്റെ വിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്ന് കുടുംബം നേരത്തെതന്നെ ആരോപിച്ചിരുന്നു.
അഞ്ച് വർഷമായി ശമ്പളം കിട്ടിയിരുന്നില്ലെന്നും കട്ടിപ്പാറ ഹോളി ഫാമിലി എൽപി സ്‌കൂളിൽ നാല് വർഷമായി ജോലി ചെയ്തിട്ടും ശമ്പളം കൊടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂളിലാണ് അലീന ജോലി ചെയ്തിരുന്നത്. 13 ലക്ഷം രൂപ നൽകിയാണ് താമരശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലെ സ്കൂളിൽ ജോലി തരപ്പെടുത്തിയത്. അഞ്ച് വർഷമായിട്ടും ജോലി സ്ഥിരപ്പെടുത്താൻ മാനേജ്മെന്റ് തയ്യാറായില്ല.
കാട്ടിപ്പാറയിൽ ജോലി ചെയ്‌ത കാലയളവിൽ ശമ്പളവും ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയതായും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യയിൽ താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് മാനേജ്‌മെൻ്റിന് ഗുരുതര വീഴ്‌ചയെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിൻ്റെ റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗത്തുനിന്നാണ് വീഴ്‌ചപറ്റിയത് എന്നായിരുന്നു മാനേജ്മെന്റ് ആരോപിച്ചിരുന്നത്. സ്ഥിരനിയമനത്തിനുള്ള അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ല എന്നുമായിരുന്നു മാനേജ്‌മെൻ്റിൻ്റെ വാദം. എന്നാൽ മാനേജ്മെന്റിന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം വാർത്ത പുറത്ത് വന്നതിന് പിന്നാലെ താമരശ്ശേരി രൂപതക്കെതിരെ കടുത്ത ജനരോക്ഷമാണ് ഉയർന്നത്. ഈ അധ്യാപികയിൽ നിന്നും പതിമൂന്ന് ലക്ഷം രൂപ വാങ്ങി അവരെ ജോലിയിൽ പ്രവേശിപ്പിച്ചത് ആഗോള കത്തോലിക്കാ സഭയുടെ കീഴിലുള്ള താമരശ്ശേരി രൂപതയാണ്. ആറ് വർഷങ്ങളായി പ്രതിദിനം ഇരുപത്തിയഞ്ച് കിലോമീറ്ററുകൾ സഞ്ചരിച്ച് അവർ ശമ്പളമില്ലാതെ സഭയുടെ സ്കൂളുകളിൽ പഠിപ്പിക്കുകയായിരുന്നു. നിസ്സഹായയായ ഒരധ്യാപികയെ തൊഴിൽ ചൂഷണം നടത്തി അവരുടെ കയ്യിൽ നിന്നും വലിയ തുക വാങ്ങി പറ്റിച്ചു എന്നും ആരോപണം ഉയർന്നു.
കർഷകരുടെ സ്വയം പ്രഖ്യാപിത രക്ഷകരായി ചമഞ്ഞുകൊണ്ട് കടുവകളെയും ആനകളെയും കൊന്നൊടുക്കണമെന്നും പശ്ചിമഘട്ടം കൊത്തിനിരത്തി കപ്പ നടണമെന്നും പറയുന്ന രൂപത. മനുഷ്യന് ജീവിക്കാൻ ശമ്പളമാണ് വേണ്ടതെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും…. വിദ്യാഭ്യാസ കച്ചവടത്തിന്റെ മറവിൽ അലീനയെ കൊലക്ക് കൊടുത്തു. വിദ്യാധനം സർവ്വധനാൽ പ്രധാനം ആണെന്ന് വിദ്യാഭ്യാസ കച്ചവടക്കാരായ മാനേജ്മെന്റ്റ് മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാവും അവർ ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്നതും.
എയ്‌ഡഡ് വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാരാണ്. പിന്നെ എന്തിനാണ് മാനേജ്മെന്റ് ഇത്ര അധികം പണം വാങ്ങുന്നത്? ഒരിക്കൽ എയ്ഡ്സ് സ്കൂളിലെ വിദ്യാഭ്യാസ നയത്തിനെതിരെ രംഗത്തെത്തിയവരാണ് ഇടതുപക്ഷം. എന്നിട്ട് അവർ തന്നെ ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നു. എയ്‌ഡഡ് വിദ്യാഭ്യാസ മേഖലയിലെ തൊഴിൽ ചൂഷണത്തിനും അഴിമതിക്കുമെതിരെ നടപടിയെടുക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിയില്ലെങ്കിൽ പിന്നെ ആർക്കാണ് കഴിയുക എന്ന രോപണവും വന്നിരുന്നു.