ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന; ഞായറാഴ്ച മാത്രം ദര്‍ശനത്തിനെത്തിയത് ഒരു ലക്ഷത്തിലേറെ പേര്‍

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ ദിവസം റെക്കോര്‍ഡ് എണ്ണം ഭക്തരാണ് പതിനെട്ടാം പടി ചവിട്ടിയത്. 100969 പേരാണ് ഞായറാഴ്ച മാത്രം ദര്‍ശനത്തിനെത്തിയത്. ഈ സീസണില്‍ പതിനെട്ടാം പടി ചവിട്ടിയ ഭക്തരുടെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

അവധി ദിവസവും കൂടാതെ പ്രത്യേക പൂജാ ദിവസവും ആയതിനാലാണ് തിരക്ക് ഇത്രയും വര്‍ദ്ധിക്കാന്‍ കാരണം. പുല്ലുമേട് കാനന പാത വഴി മാത്രം 5798 പേരാണ് കഴിഞ്ഞ ദിവസം മല കയറിയത്. മിനുട്ടില്‍ 72 പേര്‍ എന്ന കണക്കിലാണ് നിലവില്‍ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറ്റുന്നത്.

പരമാവധി തീര്‍ത്ഥാടകരെ കയറ്റി വിടുമ്പോഴും തിരക്കിന് യാതൊരു ശമനവുമില്ല. കഴിഞ്ഞ ദിവസം എത്തിയ തീര്‍ത്ഥാടകരില്‍ ഭൂരിഭാഗം പേര്‍ക്കും ദര്‍ശനം സാധ്യമായത് തിങ്കളാഴ്ച പുലര്‍ച്ചെയാണ്. 24 മണിക്കൂറിലേറെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ദര്‍ശനത്തിനായി കാത്തുനിന്നത്.

Read more

തിരക്ക് വര്‍ദ്ധിച്ചതോടെ പമ്പയിലേക്ക് ഭക്തരുമായെത്തുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തിരക്ക് നിയന്ത്രണവിധേയമാണെന്നാണ് അധികൃതര്‍ പറയുന്നത്. കൂടുതല്‍ ആളുകള്‍ എത്തിയാലും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.