കേരളാതീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത; തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്തിനു പത്തു കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരയുയരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ നദികളില്‍ അടുത്ത 24 മണിക്കൂറില്‍ ജലനിരപ്പുയരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ ഫ്ളഡ് ഫോര്‍കാസ്റ്റ് മോണിറ്ററിങ് ഡയറക്ടറേറ്റ് അറിയിച്ചു.

കേരളാ തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഡിസംബര്‍ രണ്ട് രാത്രി 11.30 വരെ രണ്ടു മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടാവും. ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ മഴയുണ്ടാവും. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. അതിനിടെ, കണ്ണൂര്‍ പുതിയവളപ്പില്‍ 100 മീറ്ററോളം കരയെ കടല്‍ വിഴുങ്ങി. നീരൊഴുക്കുംചാല്‍, കക്കാടന്‍ചാല്‍ എന്നിവിടങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞു. ഇതു തീരവാസികളില്‍ ഏറെ ഭീതി പരത്തി.