മൂന്നാറില്‍ ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് തടഞ്ഞ ഹൈഡല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം പുനരാരംഭിച്ചു. സൂര്യന് കീഴിലുള്ള ഏത് ശക്തികള്‍ തടയാന്‍ വന്നാലും നിര്‍മ്മാണവുമായി മുന്നോട്ടു പോകുമെന്ന് എംഎം മണി എംഎല്‍എ വെല്ലുവിളിച്ചു.
അമ്യൂസ്‌മെന്റ് പാര്‍ക്ക് സംരക്ഷണ സമിതി രൂപീകരിച്ചാണ് ഹൈഡല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം സിപിഎമ്മിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ പുനരാരംഭിച്ചത്. റവന്യൂ വകുപ്പ് നല്‍കിയ സ്റ്റോപ്പ് മെമ്മോയും ഹൈക്കോടതി ഇടപെടലിനെയും വെല്ലുവിളിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്നത്.
സൂര്യന് കീഴിലുള്ള ഏത് ശക്തി വന്നാലും നിര്‍മ്മാണം തുടരുമെന്ന് പ്രഖ്യാപിച്ച എംഎം മണി തടയാന്‍ സബ് കലക്ടറോ മറ്റു ഉദ്യോഗസ്ഥരോ വന്നാല്‍ പിന്നെ എന്തു ചെയ്യണം എന്ന് താന്‍ പറയുന്നില്ല എന്നും കൂട്ടിച്ചേര്‍ത്തു. ഓള്‍ഡ് മൂന്നാറിലെ ഹെഡ് വര്‍ക്ക്‌സ് ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയോട് ചേര്‍ന്നുള്ള 17 ഏക്കര്‍ ഭൂമിയിലാണ് നിര്‍മ്മാണം.
നിര്‍മ്മാണ നിരോധനം നിലനില്‍ക്കുന്ന മേഖല ആയതിനാലാണ് റവന്യൂ വകുപ്പ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം എന്‍ഒസി നിഷേധിച്ചിരുന്നത്. ഇതിന് പിന്നാലെ സബ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫീസര്‍ ആയിരുന്നു സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്ന് താല്‍ക്കാലികമായി പണിനിര്‍ത്തിയിരുന്നു.