രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പായി തനിക്കെതിര ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കി എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണന്‍. തനിക്കെതിരെ നടന്നത് സ്‌പോണ്‍സേഡ് അപവാദങ്ങളായിരുന്നു. രണ്ട് ദിവസം മാത്രം ആയുസുള്ള ഇത്തരം പ്രചരണങ്ങളില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പാരമ്പര്യമുള്ള കോണ്‍ഗ്രസ് നേതാവാണ്. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ തീരുമാനം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. നെഹ്റു കുടുംബവുമായി നല്ല ബന്ധമാണ് തനിക്കുള്ളത്. ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നോമിനിയാണ് താന്‍ എന്ന പരാമര്‍ശത്തെ അപവാദമായി കാണുന്നില്ലെന്നും ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു.
രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ശ്രീനിവാസന്‍ കൃഷ്ണനെ പരിഗണിക്കണം എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. കേരളത്തില്‍ സജീവമല്ലാത്ത ഒരാളെ സ്ഥാനാര്‍ത്ഥി ആക്കേണ്ടതില്ല എന്നായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസും പറഞ്ഞിരുന്നു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ജെബി മേത്തറാണ് കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. ഈ തീരുമാനത്തെ ശ്രീനിവാസന്‍ കൃഷ്ണന്‍ സ്വാഗതം ചെയ്യുകയും അവര്‍ക്ക് ആശംസ നേരുകയും ചെയ്തു.