കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച സ്പീക്കര്‍ എം.ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറെ വിമർശിക്കപ്പെട്ടിരുന്നു. അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളത് എന്നാണ് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തെ കണ്ടുമുട്ടി സൗഹൃദം പുതുക്കിയ സന്തോഷം പങ്കുവെച്ച എംബി രാജേഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്. പിന്നാലെ ഇടത് അനുഭാവികള്‍ ഉൾപ്പെടെ ഉള്ളവർ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ സൗഹൃദവുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.ബി രാജേഷിനെതിരെ വി.ടി ബല്‍റാമും പ്രതികരണം നടത്തിയിരിക്കുകയാണ്. നവംബര്‍ 14 ന് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിൽ എം.ബി രാജേഷ് ബല്‍റാമിനെ കുറിച്ച് പറഞ്ഞ ഒരു വാചകത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് ബൽറാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. “അങ്ങനെ ഒരു അടുത്ത സൗഹൃദം ബല്‍റാമുമായി മുന്‍പും ഇല്ല” എന്നാണ് എം.ബി രാജേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നത്. “ഈ സൗഹൃദമില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു.” എന്നാണ് വി.ടി ബാലറാമിന്റെ ഇതിനുള്ള മറുപടി. എം.ബി രാജേഷിന്റെ പേരെടുത്ത് പറയാതെ ആണ് വി.ടി ബൽറാമിന്റെ വിമർശനം.
എം.ബി രാജേഷിന്റെ കുറിപ്പ്:
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളത്. പത്തുവർഷം പാർലമെന്റിൽ ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ ശക്തിപ്പെട്ട സൗഹൃദമാണത്. പാർലമെന്റിൽ പരസ്പരം എതിർചേരിയിൽ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല.
അദ്ദേഹം യുവമോർച്ചയുടെ പ്രസിഡന്റ് ആയിരുന്ന സമയത്ത് ഞാൻ ഡി വൈ എഫ് ഐ യുടെ പ്രസിഡന്റ് ആയിരുന്നു.പാർലമെന്റിലെ തെരഞ്ഞെടുത്ത യുവ എം പി മാർ എഴുതിയ ലേഖനങ്ങൾ ശശി തരൂർ എഡിറ്റ് ചെയ്ത് ‘ India – The future is now’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.അതിൽ ഞങ്ങൾ ഇരുവരുടെയും ലേഖനങ്ങൾ ഉൾപ്പെട്ടിരുന്നു. പാർലമെന്ററി വേദികളിലും പുറത്തെ പല പൊതുവേദികളിലും പതിവായി അക്കാലത്ത് ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്.ഹിമാചൽ പ്രദേശിലെ രഞ്ജി താരവുമായിരുന്ന അനുരാഗ് താക്കൂർ ബി സി സി ഐ യുടെ തലപ്പത്തുമെത്തി. ക്രിക്കറ്റ് താത്പര്യവും സൗഹൃദത്തിന്റെ കാരണങ്ങളിൽ ഒന്നാണ്.
രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അനുരാഗ് താക്കൂറിനെ നേരിൽ കാണുന്നത്. നേരിൽ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതിൽ സന്തോഷം.