'ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല'; പി വി അൻവറിന് മറുപടിയുമായി കെ ടി ജലീൽ

പി.വി അൻവറിന് മറുപടിയുമായി കെ ടി ജലീൽ. ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് തനിക്കില്ലെന്ന് കെ ടി ജലീൽ പറഞ്ഞു. താങ്കൾക്ക് ശരിയെന്ന് തോന്നിയത് താങ്കൾ പറഞ്ഞുവെന്നും എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞുവെന്നും ജലീൽ പറഞ്ഞു. സമ്പത്തിൻ്റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ ഞാൻ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യത ഉണ്ടെങ്കിൽ മാത്രമേ അങ്ങോട്ടും മാന്യത ഉള്ളു എന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

‘മിസ്റ്റർ പി.വി അൻവർ, ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല’ എന്ന തലക്കെട്ടോടെയാണ് കെ ടി ജലീൽ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. താൻ ഒരാളുടെയും കാലിലല്ല നിൽക്കുന്നതെന്നും എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളു എന്നും ജലീൽ കുറിച്ചു. സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാനാണെന്നും കെ ടി ജലീൽ പോസ്റ്റിൽ പറയുന്നു.

മേൽപ്പോട്ട് നോക്കിയാൽ ആകാശവും കീഴ്പോട്ട് നോക്കിയാൽ ഭൂമിയും മാത്രമുള്ള തനിക്ക് പടച്ച തമ്പുരാനെയും ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ലെന്നും കെ ടി ജലീൽ പറയുന്നു. തെറ്റ് ചെയ്യുന്നവർക്കല്ലേ നാട്ടുകാരെപ്പോലും പേടിക്കേണ്ടതുള്ളൂ. അതേസമയം പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ടെന്നും ഇപ്പോഴും കാണുന്നു എന്നും കെ ടി ജലീൽ പറഞ്ഞു. മരണം വരെ അങ്ങിനെത്തന്നെയാകമെന്നും അത് ഭയം കൊണ്ടല്ല സ്നേഹം കൊണ്ടാണെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മിസ്റ്റർ പി.വി അൻവർ, ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല.
കെ.ടി ജലീൽ ഒരാളുടെയും കാലിലല്ല നിൽക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. 2006-ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എൻ്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മൽസരിച്ചത്. ഒരു “വാൾപോസ്റ്റർ” പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. 2016-ൽ അബ്ദുറഹിമാനും അൻവറും മൽസരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായം അവരോടും അഭ്യർത്ഥിച്ചിട്ടില്ല. അബ്ദുറഹ്മാനും അൻവറും ലോകസഭയിലേക്ക് പൊന്നാനിയിൽ നിന്ന് മൽസരിച്ച ഘട്ടങ്ങളിൽ, നിരവധി പൊതുയോഗങ്ങളിൽ ഞാൻ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദർഭത്തിലും സ്ഥാനാർത്ഥികളിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. സ്വന്തം കീശയിൽ നിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളിൽ ഓടിയെത്തിയത്. ഒരു പ്രമാണിയുടെയും ഊരമ്മേൽ, ഇന്നോളം ജലീൽ കൂരകെട്ടി താമസിച്ചിട്ടില്ല.
സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാൻ. ഇനി ഒരു തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം വെക്തമാക്കിയ ഒരാൾക്ക് നിൽക്കാൻ അപരൻ്റെ കാലുകൾ എന്തിന്? ലീഗിലായിരുന്ന കാലത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ! പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്നേഹം കൊണ്ടാണ്. വമ്പൻമാരായ നാല് കേന്ദ്ര അന്വേഷണ ഏജൻസികൾ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും എൻ്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല. മേൽപ്പോട്ട് നോക്കിയാൽ ആകാശവും കീഴ്പോട്ട് നോക്കിയാൽ ഭൂമിയും മാത്രമുള്ള എനിക്ക് പടച്ച തമ്പുരാനെയും എൻ്റെ ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല. തെറ്റ് ചെയ്യുന്നവർക്കല്ലേ നാട്ടുകാരെപ്പോലും പേടിക്കേണ്ടതുള്ളൂ.
താങ്കൾക്ക് ശരിയെന്ന് തോന്നിയത് താങ്കൾ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞു. സമ്പത്തിൻ്റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ ഞാൻ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങിനെ….
സ്നേഹത്തോടെ
ഡോ:കെ.ടി.ജലീൽ

അതേസമയം കെ ടി ജലീൽ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നതെന്നായിരുന്നു പി വി അൻവറിന്റെ ആരോപണം. ‘കെടി ജലീലിനെയൊക്കെ കുറ്റം പറയാൻ ഞാൻ ആളല്ല. അവരുടെയൊക്കെ പ്രശ്നം എന്താണെന്ന് വെച്ചാൽ അവരൊക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്. ഞാന്‍ എന്റെ സ്വന്തം കാല്, ജനങ്ങളുടെ കാലില്‍ കയറ്റി വെച്ചാണ് നില്‍ക്കുന്നത്. അവര്‍ക്കൊന്നും സ്വയം നില്‍ക്കാന്‍ ശേഷി ഇല്ലാത്തതിന് അല്ലെങ്കിൽ ജനകീയ വിഷയങ്ങള്‍ സത്യസന്ധമായി ധീരമായി ഏറ്റെടുക്കാന്‍ അവർക്ക് ശേഷി ഇല്ലാത്തതിന് നമ്മുക്ക് കുറ്റം പറയാന്‍ പറ്റില്ല, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്‌നമാണ്. അദ്ദേഹത്തിനെ സംബന്ധിച്ച് അദ്ദേഹത്തിനെയൊക്കെ സംബന്ധിച്ച് അത്രയേ പറയാൻ പറ്റുള്ളൂ, അതുകൊണ്ട് അദ്ദേഹം അത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടാകും’- പി വി അൻവർ പറഞ്ഞു

Latest Stories

പാലക്കാട്ടെ റെയ്‌ഡ്‌ സിപിഎം-ബിജെപി നാടകം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സൗത്ത് കരോലിനയിലും ഫ്‌ലോറിഡയുമടക്കം പിടിച്ചടക്കി ട്രംപ്; 14 സ്റ്റേറ്റുകളില്‍ ആധിപത്യം; ഒന്‍പതിടത്ത് കമലാ ഹാരിസ്

പാതിരാ പരിശോധന സിപിഎം-ബിജെപി തിരക്കഥ; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും അറിയാതെയുള്ള നാടകമെന്ന് ഷാഫി പറമ്പിൽ

ട്രംപ് മുന്നിൽ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്

സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ജാഗ്രത നിര്‍ദേശം; പത്തനംതിട്ട സ്വദേശിക്കായി തിരച്ചില്‍

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍; ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍; പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷ

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ