നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കെ.കെ രമയുടെ പരാതിയില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് സി.പി.എം. പരാതിയില്‍ കേസെടുക്കേണ്ടത് പൊലീസാണെന്നും രമയ്ക്ക് പരിക്കുണ്ടോ ഇല്ലയോ എന്നറിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
കെകെ രമയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് കഴിഞ്ഞ ദിവസം എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. പൊട്ടിയ കൈ ആളുകളെ പ്രകോപിപ്പിക്കാന്‍ ഉപയോഗിക്കുന്ന സമീപനം ശരിയല്ല. കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടെ, സൈബര്‍ ആക്രമണത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരായ കെകെ രമയുടെ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കാതെ സൈബര്‍ പൊലീസ്. പരാതിക്ക് ശേഷം പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു. പരാതി വിശദമായി പരിശോധിച്ചു തുടര്‍ നടപടി എന്നാണ് സൈബര്‍ പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.