രാഹുൽ ഗാന്ധി വയനാട് ഒഴിയുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി. രാഹുൽ ഗാന്ധി വയനാട് ഒഴിയുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് സുധാകരന്റെ പ്രതികരണം.
വയനാടുമായുള്ള തന്റെ ബന്ധം തിരെഞ്ഞെടുപ്പിന് അതീതമാണെന്നാണ് വായനാട്ടുകാരെ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചത്. പ്രതിസന്ധിഘട്ടത്തിൽ ചേർത്ത് പിടിച്ചവരാണ് വയനാട്ടുകാർ എന്നും രാഹുല്‍ ഗാന്ധി ഓര്‍മിച്ചു. അതേസമയം, പ്രിയങ്ക ഗാന്ധിക്കായി വയനാട്ടില്‍ ഫ്ലക്സ് ഉയര്‍ന്നിട്ടുണ്ട്. രാഹുൽ ഗാന്ധി മണ്ഡലം വിടുകയാണെങ്കിൽ പ്രിയങ്കയെ മത്സരിപ്പിക്കണം എന്ന് ഫ്ലക്സിലെ ആവശ്യം. വയനാട് യുഡിഎഫ് എന്ന പേരിലാണ് ഫ്ലക്സ് വെച്ചിട്ടുള്ളത്.
വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വലിയ വരവേൽപ്പാണ് വയനാട്ടിലെ ജനങ്ങൾ നൽകിയത്. മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ റോഡ് ഷോ നടത്തി ജനങ്ങളെ കണ്ടു. നിരവധി പേരാണ് റോഡിന് ഇരുവശവും രാഹുലിനെ കാണാൻ നിരന്നത്. മുസ്ലിം ലീഗ്, കെഎസ്‍യു, കോൺഗ്രസ് പതാകകൾ വീശിയാണ് പ്രവർത്തർ രാഹുലിന് വേദിയിലേക്ക് സ്വീകരണം നൽകിയത്.