ധനമന്ത്രി നിർമലാ സീതാരാമനുമായി നടന്നത് ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗ് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയമുള്ള രണ്ട് പേർ കണ്ടാൽ രാഷ്ട്രീയം ഉരുകി പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഗവർണർ ഇട്ട പാലത്തിലൂടെ ധനമന്ത്രിയെ കാണാൻ പോയതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭയിലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ പൊതുവായ കാര്യങ്ങൾ പറഞ്ഞതല്ലാതെ ധനമന്ത്രിക്ക് നിവേദനം ഒന്നും നൽകിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ഇട്ട പാലത്തിലൂടെ അങ്ങോട്ട് പോയതല്ല. നിർമല സീതാരാമൻ ബ്രേക്ക് ഫാസ്റ്റിന് വരുമെന്ന് പറഞ്ഞപ്പോൾ ഗവർണറെ കൂടി വിളിച്ചതാണ്. എംപിമാർക്ക് വിരുന്ന് നൽകാനാണ് ഗവർണർ ദില്ലിക്ക് പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രിക്കും ബിജെപിക്കും ഇടയിലെ പാലമാണ് ഗവർണറെന്നാണ് രമേശ് ചെന്നിത്തല വിമർശിച്ചത്. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അനൗദ്യോഗികമായി മുഖ്യമന്ത്രിയെ കണ്ടതിൽ രാഷ്ട്രീയമുണ്ടെന്നും നിർമലാ സീതാരാമനുമായി അനൗദ്യോഗിക ചർച്ച നടത്തിയത് എന്തിനെന്ന് ജനങ്ങൾക്ക് അറിയണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയെക്കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി എതിർത്ത് പറയാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.