തനിക്ക് ഉമ്മന്‍ ചാണ്ടിയെ പോലൊരു ആത്മസുഹൃത്ത് ഉണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. യുഡിഎഫ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ പൊതുസമ്മേളത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയെ പോലൊരു ആത്മസുഹൃത്ത് ഇനി തനിക്ക് ഇനി ഉണ്ടാകാനും പോകുന്നില്ലെന്നും മറ്റുള്ളവര്‍ക്കെല്ലാം അതിനുശേഷമേ തന്റെ ഹൃദയത്തില്‍ സ്ഥാനമുള്ളൂ എന്നും ആന്റണി പറഞ്ഞു.
‘എനിക്ക് ഉമ്മന്‍ ചാണ്ടിയെ പോലൊരു ആത്മസുഹൃത്ത് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. മറ്റുള്ളവര്‍ക്കെല്ലാം അതിനുശേഷമേ എന്റെ ഹൃദയത്തില്‍ സ്ഥാനമുള്ളൂ. ജീവിതത്തിലൊരിക്കലും ഉമ്മന്‍ ചാണ്ടിയെ ഇങ്ങനെ നഷ്ടപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. അകാലത്തിലുളള മരണം. അകാലത്തില്‍ ഉമ്മന്‍ ചാണ്ടി നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഇനിയും ഈ നാടിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട ആളാണ്.’
‘ഉമ്മന്‍ ചാണ്ടി ജീവിച്ചതുമുഴുവന്‍ ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ്. ഇത്രയേറെ ജനലക്ഷങ്ങളെ വ്യക്തിപരമായി സഹായിച്ച മറ്റൊരാളുണ്ടായിട്ടുണ്ടോ? ഉമ്മന്‍ ചാണ്ടിക്കു തുല്യന്‍ ഉമ്മന്‍ ചാണ്ടി മാത്രമാണ്. ഉമ്മന്‍ ചാണ്ടിയെ സമീപിക്കുന്ന ആരും നിരാശരായി മടങ്ങിയിട്ടില്ല. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് എന്തെല്ലാം അപവാദങ്ങള്‍ പറഞ്ഞു. വേദനിപ്പിച്ചില്ലേ, വേട്ടയാടിയില്ലേ, കെട്ടുകഥയുണ്ടാക്കി അപമാനിച്ചില്ലേ?. അദ്ദേഹത്തിന്റെ കുടുംബത്തെ അപമാനിച്ചില്ലേ. ഇപ്പോഴും അദ്ദേഹത്തിനെതിരായി അപവാദം പറയുകയല്ലേ.’
‘അത്രമാത്രം ക്രൂരത കാണിച്ച ഈ പാര്‍ട്ടിക്കാരോട് എന്തുചെയ്യണം. ഉമ്മന്‍ ചാണ്ടി ജീവിച്ചിരുന്നപ്പോഴും ഇപ്പോഴും വേട്ടയാടിയ പാര്‍ട്ടിക്ക് മാപ്പുകൊടുക്കാന്‍ പുതുപ്പള്ളിക്കാര്‍ തയാറാകരുത്. അവര്‍ക്ക് മാപ്പില്ല. പുതുപ്പള്ളിയിലെ ജനകീയ കോടതി അവര്‍ക്ക് നല്ല ശിക്ഷ കൊടുക്കണം. അവരുടെ സ്ഥാനാര്‍ഥിക്ക് കനത്ത തോല്‍വിയുണ്ടാകണം. ചാണ്ടി ഉമ്മന് റെക്കോര്‍ഡ് വിജയമുണ്ടാകണം’ അദ്ദേഹം പറഞ്ഞു.