അറസ്റ്റ് ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ വീട്ടില്‍: മുന്‍കൂര്‍ പണം നല്‍കിയതില്‍ ചട്ടലംഘനമില്ലെന്ന് വിശദീകരണം

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് കൊച്ചി ആലുവയിലെ വീട്ടിലെത്തി. കരാര്‍ ഏജന്‍സിക്ക് മുന്‍കൂര്‍ പണം നല്‍കിയതില്‍ അഴിമതിയ്ക്കും പണമിടപാടിനും കൃത്യമായ രേഖകള്‍ ഉള്‍പ്പെടെ ലഭിച്ചെന്ന വിവരങ്ങള്‍ക്കിടെ, ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും വിജിലന്‍സ് ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ഇബ്രാഹിംകുഞ്ഞ് സ്വന്തം വീട്ടിലെത്തുന്നത്.

പാലം പണിയുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ തീരുമാനങ്ങളും നയപരം മാത്രമായിരുന്നുവെന്നാണ് ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയത്. അറസ്റ്റ് മുന്‍കൂട്ടി കണ്ട്, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി കുഞ്ഞ് നിയമോപദേശം തേടിയെന്നാണ് സൂചന. ഇതുവരെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്ന് ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.

റിമാന്‍ഡിലുള്ള ഉദ്യോഗസ്ഥന്‍ ജാമ്യാപേക്ഷയില്‍ പറയുന്നതിന് മന്ത്രിയായ ഞാന്‍ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ ഇബ്രാഹിംകുഞ്ഞ്, മുന്‍കൂര്‍ പണം നല്‍കിയതില്‍ ചട്ടലംഘനമൊന്നുമില്ലെന്ന് അവകാശപ്പെട്ടു. മൊബിലൈസേഷന്‍ അഡ്വാന്‍സ് അഥവാ പാലം പണിയ്ക്കുള്ള ഫണ്ട് ശേഖരിക്കാനടക്കമുള്ള മുന്‍കൂര്‍ പണം നല്‍കുന്ന കീഴ്‌വഴക്കം കഴിഞ്ഞ എല്ലാ സര്‍ക്കാരുകളും തുടര്‍ന്നു വരുന്നതാണ്. ഈ സര്‍ക്കാരും അത് ചെയ്യുന്നുണ്ട്. ബജറ്റിതര പ്രോജക്ടുകള്‍ക്കെല്ലാം ഇത്തരത്തില്‍ പണം നല്‍കാറുണ്ട്. ബജറ്റില്‍ തുക വകയിരുത്താത്ത എല്ലാ പദ്ധതികള്‍ക്കും ഇത്തരത്തില്‍ പണം നല്‍കാന്‍ കഴിയും.

അതിന്, ഇത്തരത്തില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കാമെന്ന കാര്യം കരാറിലുണ്ടായിരുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് ഒരു മന്ത്രിയുടെ വിവേചനാധികാരമാണെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ വിധിയുണ്ടെന്നുമായിരുന്നു കുഞ്ഞിന്റെ മറുപടി. “”എഞ്ചിനീയറിംഗ് പ്രൊക്യൂര്‍മെന്റ് കോണ്‍ട്രാക്ടായിരുന്നു ഇത്. കെഎസ്ടിപി അടക്കമുള്ള എല്ലാ പ്രോജക്ടുകള്‍ക്കും ഇത്തരത്തില്‍ അഡ്വാന്‍സ് നല്‍കാം. താഴെ നിന്ന് വന്ന ഫയല്‍ ഞാന്‍ കണ്ട് തീരുമാനമെടുത്തതാണ്. അത് ഒരു മന്ത്രിയുടെ അവകാശമാണ്””, എന്ന് ഇബ്രാഹിംകുഞ്ഞ്.

ടി ഒ സൂരജിനെ പൊതുമരാമത്ത് സെക്രട്ടറിയാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. കുറേക്കാലം പൊതുമരാമത്ത് വകുപ്പിന് സ്വന്തമായി സെക്രട്ടറിയുണ്ടായിരുന്നില്ല. അഡീഷണല്‍ സെക്രട്ടറിമാര്‍ക്ക് അധിക ചുമതല നല്‍കുകയായിരുന്നു പതിവ്. ലോകബാങ്ക് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ ഇതില്‍ ബുദ്ധിമുട്ട് അറിയിച്ച സാഹചര്യത്തിലാണ് ഇത് മാറ്റി വകുപ്പിനൊരു സെക്രട്ടറിയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതെന്നും ഇബ്രാഹിംകുഞ്ഞ് പറയുന്നു.

പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം പഴുതുകളില്ലാത്ത വിധം മുന്‍ മന്ത്രിയെ ചോദ്യം ചെയ്യാനാണ് വിജിലന്‍സ് ഒരുങ്ങുന്നത്. അതിനുള്ള ഒരുക്കങ്ങളാണ് അന്വേഷണസംഘം നടത്തുന്നതും.

തലസ്ഥാനത്തെ വിജിലന്‍സ് ഡയറക്ടര്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിന് ശേഷമാണ് പാലാരിവട്ടം പാലം അഴിമതി കേസിന്റെ അന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് തന്നെ മുന്‍ മന്ത്രിക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ നടപടി അധികം വൈകുന്നത് പൊതുജന മധ്യത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് വിജിലന്‍സിന് മേല്‍ത്തട്ടില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഈ പശ്ചാത്തലത്തില്‍ ഇബ്രാഹിം കുഞ്ഞിനൊപ്പം കിറ്റ്‌കോയിലെയും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെയും ഉത്തരവാദിത്വപ്പെട്ട  ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.

മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പങ്കാളിത്തം സംബന്ധിച്ച് രേഖകളടക്കമുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇതിനൊപ്പം സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ കൂടി ഉണ്ടെങ്കില്‍ അവ കൂടി കൃത്യമായി ശേഖരിക്കാനാണ് നീക്കം. അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ട് ഇബ്രാംഹിം കുഞ്ഞിന് നോട്ടീസ് നല്‍കും.

കിറ്റ്‌കോയുടെയും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെയും ഉദ്യോഗസ്ഥരെയും വിളിപ്പിക്കും. എന്നാല്‍ ഇബ്രാഹിംകുഞ്ഞിന്റെ കാര്യത്തില്‍ ടി ഒ സൂരജ് അടക്കമുള്ളവര്‍ ചേര്‍ന്ന് ഉന്നതതല ഗൂഢാലോചനയാണ് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മുന്‍ പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍, അധികാര ദുര്‍വിനിയോഗത്തിന്റെയോ അഴിമതിയുടെയോ തെളിവുകള്‍ ഹനീഷിനെതിരെ ഇതുവരേയും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് മുന്‍കൂട്ടി കണ്ട്, മുന്‍കൂര്‍ ജാമ്യം തേടുന്നതുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞ് വിശ്വസ്തരായ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയത്. എന്നാല്‍ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും മുമ്പേ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും നോട്ടീസ് കിട്ടിയ ശേഷം തുടര്‍നടപടി ആലോചിക്കാമെന്നുമാണ് ലഭിച്ച നിയമോപദേശം.

Latest Stories

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്