വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ അറസ്റ്റ് ഭയന്ന് താന്‍ ഒളിവിലെന്ന പ്രചരണം തെറ്റാണെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ. നിലവില്‍ വ്യക്തിപരമായ ആവശ്യങ്ങളെ തുടര്‍ന്ന് കര്‍ണാടകയിലാണെന്നും ഉടന്‍ വയനാട്ടില്‍ തിരിച്ചെത്തുമെന്നും എംഎല്‍എയുടെ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
തന്റെ സുഹൃത്തിന്റെ മകളുടെ വിവാഹത്തിനായി ബാംഗ്ലൂരില്‍ പോയതാണെന്നാണ് എംഎല്‍എയുടെ വിശദീകരണം. ഒളിവില്‍ പോയി എന്നുള്ള പ്രചാരണം ശരിയല്ല. ജനപ്രതിനിധി എന്ന നിലയില്‍ ഒളിച്ചോടേണ്ട ആളല്ല എന്ന ബോധ്യമുണ്ട്. തന്റെ ജനകീയതയെ ഇടതുപക്ഷത്തിന് ഭയമുണ്ട്. നീതി ലഭിക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും ഐസി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ നാട്ടിലെത്തും. സിപിഎമ്മിന് തന്നെ ഭയമുണ്ട്. അതിനാലാണ് ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും വീഡിയോയില്‍ ബാലകൃഷ്ണന്‍ ആരോപിക്കുന്നുണ്ട്.
എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, കെകെ ഗോപിനാഥന്‍ എന്നിവരെ പ്രതിയാക്കിയാക്കി കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയത്തോടെ അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്താണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.