ഉടമയുടെ അനുവാദമില്ലാതെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ച ഐസിഐസിഐ ബാങ്കിനെതിരെ നടപടി. കാസര്‍കോഡ് മേല്‍പറമ്പ് മുബാറക് മന്‍സിലില്‍ കല്ലട്ര അബ്ദുസ്സലാം ഹാജിയുടെ പരാതിയില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് ബാങ്കിനെതിരെ നടപടി എടുത്തിരിക്കുന്നത്. പരാതിക്കാരന് ബാങ്ക് അരലക്ഷം രൂപ നഷ്ടപരിഹാരവും 3,000 രൂപ ചെലവും നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
2022 ആഗസ്ത് 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയത്തിനായി അരലക്ഷം രൂപ ഉടമ അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍, ആഗസ്ത് 29ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് പണം അടക്കാന്‍ ശ്രമിച്ചപ്പോള്‍ അത്രയും പണം അക്കൗണ്ടില്‍ ഇല്ലെന്ന് വ്യക്തമായി. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 24ന് ഈ തുകയില്‍ നിന്ന് അദ്ദേഹം അറിയാതെ ബാങ്ക് 35,831 രൂപ പിന്‍വലിച്ചതായി കണ്ടെത്തിന്നത്. ഇതോടെ ഇന്‍ഷുറന്‍സ് പ്രീമിയം മുടങ്ങി. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും കൃത്യമായ നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ഇദേഹം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിക്കുന്നത്.
ഐസിഐസിഐ ബാങ്കിന്റെ കൃത്യവിലോപത്തിനെതിരെ 4,75,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ ഫോറത്തെ സമീപിച്ചത്. എന്നാല്‍, ഇത്ര വലിയ തുക അവകാശപ്പെടാന്‍ നിര്‍വാഹമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഫോറം അരലക്ഷം നഷ്ടപരിഹാരവും 3000 രൂപ ചെലവും നല്‍കാന്‍ ഉത്തരവിട്ടു. 30 ദിവസത്തിനകം പണം കൈമാറണം. അല്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.