ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ മുൻ നിശ്ചയിച്ച പ്രകാരം തുറന്നു. ഇന്ന് രാവിലെ രണ്ട് തവണ സൈറൺ മുഴക്കിയ ശേഷമാണ് അണക്കെട്ട് തുറന്നത്. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വരെയാണ് ഉയർത്തിയിരിക്കുന്നത്.
പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി പ്രത്യേക സജജീകരണങ്ങളാണ് എറണാകുളം ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. ദുരന്ത നിവാരണ സേനക്കൊപ്പം പൊലീസിന്‍റെ നേതൃത്വത്തിൽ എമർജൻസി റെസ്പോൺസ് ടീമും തയ്യാറായിട്ടുണ്ട്.
മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് കുട്ടമ്പുഴ, കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിലും പ്രത്യേക ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. കോതമംഗലം, ആലുവ, പറവൂർ താലൂക്കുകളിലെ വെള്ളപ്പൊക്ക സാധ്യതാ പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാംപുകളും തയ്യാറാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം അധികൃതർ വിലയിരുത്തുന്നുണ്ട്. നദിയിലെ വെള്ളത്തിന്റെ നില നോക്കി, സ്ഥിതി അനുകൂലമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടും. 80 സെന്റിമീറ്റർ വരെ വെള്ളം തുറന്നുവിടാനാണ് ആലോചന.