മഴ ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടമലയാര്‍ ഡാം ചൊവ്വാഴ്ച തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ്. ചൊവ്വാഴ്ച രാവിലെ 10നാണ് ഡാം തുറക്കുക. ഇന്ന് രാത്രി പതനൊന്ന് മണിയോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. ആദ്യം 50 ക്യുമെക്‌സ് ജലവും തുടര്‍ന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്നു വിടുക. ഇടമലയാര്‍ ഡാം തുറന്നാല്‍ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുകയാണെന്നും കളക്ടര്‍ വ്യക്തമാക്കി.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണമെന്നും കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇടമലയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഡാമില്‍ ഇന്ന് (07/08/22) രാത്രി 11 മണിയോടെ റെഡ് അലര്‍ട്ട് വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ആദ്യം 50 ക്യുമെക്‌സ് ജലവും തുടര്‍ന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്നു വിടുക. ഇടമലയാര്‍ ഡാം തുറന്നാല്‍ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുകയാണ്.
പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് കരുതുന്നത്. ഇടുക്കി ഡാമില്‍ മഴ തുടരുന്നതിനാല്‍ ഇവിടെ നിന്നും ഒഴുക്കി വിടുന്ന ജലത്തിന്റെ പരിധി 200 ക്യുമെക്‌സ് ആക്കി ഉയര്‍ത്തുമെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രണ്ട് ഡാമുകളില്‍ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണം.
ജില്ലയില്‍ നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ലോവര്‍ പെരിയാറിനു താഴേക്ക് പെരിയാര്‍ നദിയില്‍ കാര്യമായി ജലനിരപ്പ് ഉയരാന്‍ സാധ്യതയില്ല. ജില്ലയില്‍ മഴ മാറി നില്‍ക്കുന്നതിനാല്‍ പെരിയാറിന്റെ എല്ലാ ഭാഗങ്ങളിലും ജലനിരപ്പ് അപകട നിലയെക്കാള്‍ താഴെയാണ്.