കൊച്ചിയില്‍ മുന്‍ മിസ് കേരള ജേതാവും സംഘവും കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റിലായ ഔഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചനോടൊപ്പം ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ഏഴ് യുവതികളടക്കം 17 പേരാണ് ഉള്‍പ്പെടുന്നത്. ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും പലരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്.
സൈജുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. ഇയാളുടെ മൊബൈലില്‍ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളുമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. സൈജുവിനൊപ്പം ലഹരി ഉപയോഗിക്കുന്ന 17 പേരെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. സൈജുവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പാര്‍ട്ടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇതില്‍ പങ്കെടുത്തവരുടെ പേര് വിവരങ്ങള്‍ സൈജു വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പാര്‍ട്ടികള്‍ നടന്ന സ്ഥലത്തെ ഏഴ് പൊലീസ് സ്റ്റേഷനുകളിലായിട്ടാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃക്കാക്കര, ഇന്‍ഫോ പാര്‍ക്, മരട്, പനങ്ങാട്, ഫോര്‍ട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവല്‍ സ്റ്റേഷനുകളിലാണ് കേസ്.
മോഡലുകള്‍ അപകടം നടന്ന ദിവസം പങ്കെടുത്ത ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ മുമ്പും ഇയാള്‍ പാര്‍ട്ടികള്‍ നടത്തിയട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചട്ടുണ്ട്. ഹോട്ടലിനെതിരെ എക്സൈസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസക് അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. ആ സാഹചര്യത്തിലാണ് സൈജുവിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുമായി അന്വേഷണം പുരോഗമിക്കുന്നത്. സൈജുവിന് ലഹരി കൈമാറിയവരെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. ഇതില്‍ നിന്ന് കൂടുതല്‍ മയക്കുമരുന്ന് ലോബികളെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. അപകട ദിവസം സൈജു ഓടിച്ചിരുന്ന ഔഡി കാറിന്റെ ഉടമയായ തൃശൂര്‍ സ്വദേശി ഫെബി ജോണിനെ കഴിഞ്ഞ ദിവസം സംഘം ചോദ്യം ചെയ്തിരുന്നു. ഫെബിന്റെ സുഹൃത്തുക്കള്‍ക്കായാണ് സൈജു പാര്‍ട്ടി ഒരുക്കിയത്.
അതേസമയം പുതിയതായി കേസെടുത്തവരില്‍ ഏറെ പേരും മൊഴി നല്‍കാന്‍ ഹാജരായിട്ടില്ല. ഇനിയും ഹാജരാകാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ച് നോട്ടീസ് നല്‍കാനാണ് തീരുമാനം. സൈജു നിലവില്‍ റിമാന്‍ഡിലാണ്. ലഹരി മരുന്ന് നിരോധന നിയമപ്രകാരം ഒന്‍പത് കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.