യാത്രയ്ക്കിടെ ജീപ്പില്‍ നിന്നും ഒന്നര വയസുള്ള കുഞ്ഞ് തെറിച്ചു വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. സംഭവം പുറത്തറിഞ്ഞതോടെ മാതാപിതാക്കള്‍ കുട്ടിയെ മന:പൂര്‍വം ഉപേക്ഷിച്ചതാണ് എന്നതുള്‍പ്പെടെ വന്‍ പ്രതിഷേധമാണ് മാതാപിതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
മൂന്ന് മണിക്കൂറിന് ശേഷമാണ് കുഞ്ഞ് ജീപ്പില്‍ നിന്നും തെറിച്ചു വീണത് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കള്‍ അറിഞ്ഞത്. റോഡില്‍ വീണ കുഞ്ഞിന്റെ ദൃശ്യം സിസിടിവിയില്‍ കണ്ടെത്തിയ വനം വകുപ്പ് ജീവനക്കാരാണ് കുട്ടിയെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് നാലു മണിക്കൂറിനു ശേഷം പൊലീസ് ,വനം വകുപ്പ്, ചൈല്‍ഡ് ലൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. കമ്പിളികണ്ടം സ്വദേശികളായ സതീഷ് -സത്യഭാമ ദമ്പതികള്‍ പഴനിയില്‍ ദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. പഴനിയില്‍ നിന്നും മടങ്ങുന്നതിനിടയില്‍ രാജമല അഞ്ചാം മൈലില്‍ വെച്ച് വളവു തിരിയുന്നതിനിടയില്‍ ജീപ്പിന്റെ അരികിലിരുന്ന മാതാവിന്റെ കൈയില്‍ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടു പോകുകയും ചെയ്തു. ഈ സമയത്ത് രാത്രി കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാര്‍ സിസിടിവിയില്‍ എന്തോ റോഡിലൂടെ ഇഴഞ്ഞു നടക്കുന്നത് കണ്ടു. തുടര്‍ന്ന് സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.