'ഇന്ന് തന്നെ കൊല്ലാനാകുമെങ്കില്‍ കൊല്ലണം'; ആലുവ മാര്‍ക്കറ്റില്‍ മധുരം വിളമ്പി തൊഴിലാളികള്‍

ആലുവയിലെ അഞ്ച് വയസുകാരിയെ അരുംകൊല ചെയ്ത പ്രതി അസഫാക് ആലത്തിന് വധശിക്ഷ. കോടതി വിധിയെ തുടര്‍ന്ന് ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ മധുരം വിതരണം ചെയ്തു. എല്ലാവര്‍ക്കും ഇതൊരു പാഠമാകണമെന്ന് ആലുവ മാര്‍ക്കറ്റിലെ തൊഴിലാളി താജുദ്ദീന്‍ പറഞ്ഞു. അസഫാക് ആലം കുട്ടിയുമായി മാര്‍ക്കറ്റിലേക്ക് പോയത് പൊലീസില്‍ അറിയിച്ചത് താജുദ്ദീന്‍ ആയിരുന്നു.

കേരളത്തില്‍ മാത്രമല്ല ഒരിടത്തും ഇത് സംഭവിക്കരുത്. പേടി വേണം. ഇന്ന് തന്നെ കൊല്ലാനാകുമെങ്കില്‍ ഇന്ന് തന്നെ കൊല്ലണം അവനെ. ആ കുഞ്ഞിന്റെ ആത്മാവ് അങ്ങനെയെങ്കിലും സന്തോഷിക്കട്ടെയെന്നും താജുദ്ദീന്‍ പറഞ്ഞു. വധ ശിക്ഷക്കൊപ്പം അഞ്ച് ജീവപര്യന്തവും കോടതി വിധിച്ചു.കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. പ്രതിയായ അസ്ഫാക് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അര്‍ഹനാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു.ശിശു ദിനത്തിലും പോക്‌സോ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുണ്ട്.

അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ കോണില്‍വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 13 വകുപ്പുകളിലാണ് എറണാകുളം പോക്‌സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയിരുന്നത്.

കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസ്ഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയിലകള്‍ക്കുള്ളില്‍ മൂടി. പ്രതിയെ അന്ന് തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

50 ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഗക്കേസില്‍ പ്രതി മുമ്പും ജയിലില്‍ കിടന്നിട്ടുണ്ട്. ഇതിന്റെയും അടിസ്ഥാനത്തിലാണ് വിധി പറഞ്ഞിരിക്കുന്നത്.

കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു. ഒക്ടോബര്‍ 4 ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി മിന്നല്‍ വേഗത്തില്‍ വിധി പറയുന്നത്. അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി.