രാഹുല്‍ ഗാന്ധിയുടെ അളിയന്‍ റോബര്‍ട്ട് വദ്രയ്ക്ക് പാലക്കാട് സീറ്റ് കൂടി നല്‍കിയാല്‍ കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം പൂര്‍ണമാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വയനാട്ടിലുള്ളവര്‍ തന്റെ കുടുംബമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് എല്ലാവര്‍ക്കും മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് എന്റെ കുടുംബത്തിനുള്ളതാണെന്നാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചത്. എന്റെ സഹോദരിയെ ഇവിടെ മത്സരിപ്പിക്കാമെന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്. ഇത്രയും കുടുംബാധിപത്യമുള്ളതും ഒരു കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതുമായ പാര്‍ട്ടി ഭൂലോകത്ത് വേറെയില്ല. മുസ്ലിം സംഘടനകള്‍ വയനാട്ടില്‍ മുസ്ലിം സ്ഥാനാര്‍ത്ഥി വേണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കുടുംബത്തിന്റെ കാര്യം വന്നപ്പോള്‍ കോണ്‍ഗ്രസിന് മറ്റെല്ലാ പരിഗണനകളും ഒഴിവാക്കേണ്ടി വന്നു. ദേശീയ അദ്ധ്യക്ഷന് പോലും കാര്യങ്ങള്‍ തീരുമാനിക്കാനാവാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവിടെ എല്ലാം തീരുമാനിക്കുന്നത് ഒരു കുടുംബമാണ്.
അങ്ങനെയുള്ള പാര്‍ട്ടിയില്‍ കേരളത്തിലുള്ള നേതാക്കള്‍ക്ക് എന്ത് വിലയാണുള്ളതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു. ഇന്‍ഡി സഖ്യത്തിന്റെ നേതാവായ പ്രിയങ്കാ ഗാന്ധിക്കെതിരെ ഇടതുപക്ഷം മത്സരിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ജനങ്ങളെ കബളിപ്പിക്കാതെ എല്‍ഡിഎഫ് മത്സരത്തില്‍ നിന്നും മാറിനില്‍ക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.