മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു യുവാക്കള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ.) നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടു പോയാല്‍ കേസ് എന്‍.ഐ.എ. ഏറ്റെടുത്തേക്കുമെന്നു സൂചന. കോഴിക്കോട്ട് കഴിഞ്ഞ ദിവസമെത്തിയ എന്‍.ഐ.എ. സംഘം കേസിന്റെ വിശദ വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍മാരുമായും ചര്‍ച്ച നടത്തി.
രാജ്യത്തെ മിക്ക മാവോയിസ്റ്റ് കേസുകളും അന്വേഷിക്കുന്നത് എന്‍.ഐ.എ ആയതിനാല്‍ ഈ കേസും അതില്‍ ഉള്‍പ്പെടുത്താനാണ് അവര്‍ക്കു താത്പര്യം. അറസ്റ്റിലായവര്‍ക്കു മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ കേസ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ എന്‍.ഐ.എ. സമീപിക്കുമെന്നാണു വിവരം. മറ്റു കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എന്‍.ഐ.എക്കു കേസ് കൈമാറിയാല്‍ ചിത്രം മാറുമെന്നതിനാല്‍ യു.എ.പി.എ. നിലനിര്‍ത്തി മുന്നോട്ടു പോകാനാണ് സര്‍ക്കാരിനും താത്പര്യമെന്നാണു സൂചന.
മാവോയിസ്റ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയാണു പിടിച്ചെടുത്തതെന്നു പൊലീസ് വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കല്‍, സംശയം ജനിപ്പിക്കുന്ന സ്ഥലങ്ങളില്‍ പോകാതിരിക്കല്‍ തുടങ്ങി പ്രധാന പ്രവര്‍ത്തകര്‍ക്കു നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് ഇതിലുള്ളത്. അതുകൊണ്ടു തന്നെ ഇവര്‍ സാധാരണ അനുഭാവികളല്ലെന്നാണ് പൊലീസ് പറയുന്നത്. താമരശേരി, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നടന്ന മാവോയിസ്റ്റ് യോഗങ്ങളില്‍ ഇവര്‍ പങ്കെടുത്തതായി പൊലീസ് പറയുന്നു. നഗരങ്ങളില്‍ ലഘുലേഖകള്‍ എത്തിക്കുകയായിരുന്നു ഇവരുടെ ചുമതലയെന്നാണ് പൊലീസ് പറയുന്നത്.
Read more
അട്ടപ്പാടിയില്‍ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് നേതാക്കളുമായി ഇവര്‍ നേരത്തെ ബന്ധം പുലര്‍ത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവരുടെ കണ്ണികള്‍ കണ്ടെത്താനാണു പൊലീസ് ശ്രമം. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്കു മാത്രമേ യു.എ.പി.എ നിലനില്‍ക്കുമോയെന്ന് വ്യക്തമാവുകയുള്ളുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.