കെഎസ്ആര്‍ടിസി യൂണിയനുകള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സമരങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് യൂണിയനുകളോട് കോടതി ആവശ്യപ്പെട്ടു. കുറച്ച് കാലത്തേക്ക് യൂണിയന്‍ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സമരം തുടര്‍ന്നാല്‍ ശമ്പളം കൃത്യമായി നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കേണ്ടിവരും. ശമ്പള വിഷയത്തിലെ ഹര്‍ജി പരിഗണിക്കണമെങ്കില്‍ സമരം നിര്‍ത്തണമെന്നും കോടതി അറിയിച്ചു.ഭരണപക്ഷ യൂണിയന്‍ സമരം നടത്തുന്നത് ക്രെഡിറ്റ് കിട്ടാനാണോയെന്നും കോടതി ചോദിച്ചു.
എന്തിനായിരുന്നു മനുഷ്യപൂട്ട് സമരം നടത്തിയതെന്ന് ചോദിച്ച കോടതി കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ മുന്നോട്ട് പോയാല്‍ ഒരുതരത്തിലും അനുവദിച്ചുനല്‍കാനാകില്ലെന്നും വ്യക്തമാക്കി.കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നിലെ സമരം നിര്‍ത്തിവെക്കണം. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുത്.
ഒരു ദിവസം കൊണ്ട് അത്ഭുതം പ്രതീക്ഷിക്കരുത്. സമരം നിര്‍ത്തിയതിന് ശേഷമേ വാദം കേള്‍ക്കൂവെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് സമരം നിര്‍ത്താമെന്ന് തൊഴിലാളി യൂണിയനുകള്‍ ഹൈക്കോടതിയെ അറിയിച്ചു. ഓഫീസിന് മുന്നില്‍ സമരങ്ങള്‍ ഉണ്ടാകില്ലെന്ന യൂണിയനുകളുടെ ഉറപ്പ് കോടതി രേഖപ്പെടുത്തുകയും ചെയ്തു.