കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. സംഭവിക്കാന്‍ പാടില്ലാതതാണ് സംഭവിച്ചത്. ഇതാണ് ജീവനക്കാരുടെ പെരുമാറ്റമെങ്കില്‍ കെഎസ്ആര്‍ടിസിയെ ആര് ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണോയെന്നും കോടതി ചോദിച്ചു.
സംഭവത്തെ കുറിച്ച് പിതാവിനോടും മകളോടും വിശദാംശങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ടായി നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് കോടതി നിര്‍ദേശം നല്‍കി. നാളെ തന്നെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കോടതി പറഞ്ഞു. വിഷയം നാളെ ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.
മകള്‍ രേഷ്മയ്ക്കും മകളുടെ സുഹൃത്തിനുമൊപ്പം കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ എത്തിയപ്പോഴാണ് ആമച്ചല്‍ സ്വദേശിയും പൂവച്ചല്‍ പഞ്ചായത്ത് ക്ലാര്‍ക്കുമായ പ്രേമനന്‍ ജീവനക്കാരുടെ മര്‍ദ്ദനത്തിന് ഇരയായത്.
Read more
പുതിയ കണ്‍സഷന്‍ കാര്‍ഡ് നല്‍കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാര്‍ഡ് എടുത്തപ്പോള്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും പുതുക്കാന്‍ ആവശ്യമില്ലെന്നും പ്രേമനന്‍ മറുപടി നല്‍കിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപെടാത്തതെന്ന് പ്രേമനന്‍ പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ ചേര്‍ന്ന് പ്രേമനെ മര്‍ദ്ദിച്ചത്.