തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രി വേണ്ട; കടുത്ത നിലപാടുമായി എന്‍സിപി; ശരത് പവാറുമായി ഇന്നും കൂടിക്കാഴ്ച്ചകള്‍; വഴങ്ങാതെ എകെ ശശീന്ദ്രന്‍

സംസ്ഥാനത്തെ മന്ത്രിമാറ്റം സംബന്ധിച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയും, തോമസ് കെ തോമസും ചര്‍ച്ച നടത്തി. ശരത് പവാറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ചയില്‍ സംസാരിച്ചത് പാര്‍ടി കാര്യങ്ങള്‍ മാത്രമാണെന്നും തന്റെ കാര്യങ്ങളെല്ലാം ശരത് പവാറിനെ അറിയിച്ചു. ഇന്ന് നേതാക്കള്‍ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രിമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും തോമസ് കെ തോമസ് പറഞ്ഞു.

തോമസ് കെ. തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എന്‍സിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പിസി ചാക്കോയും തോമസ് കെ തോമസും ഇന്നും ശരത് പവാറുമായി ചര്‍ച്ച നടത്തും.

ശരത് പവാറിനെ കൊണ്ട് മുഖ്യമന്ത്രിയില്‍ സമ്മര്‍ദം ചെലുത്താനാണ് നീക്കം. അതേസമയം മന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു.

Read more

അകവും പുറവും പരിശോധിച്ച ശേഷമേ മന്ത്രിയെ മാറ്റുന്നതില്‍ എന്‍സിപി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കാവൂ. മന്ത്രിയെ മാറണം എന്ന് പറയേണ്ടത് വ്യക്തികള്‍ അല്ല. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.