ഇടുക്കിയിലെ കെട്ടിട നിര്‍മ്മാണ നിയന്ത്രണ വിലക്ക് സംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ എംഎം മണി എംഎല്‍എ രംഗത്ത്. 13 പഞ്ചായത്തുകളില്‍ പുറത്തിറക്കിയ കെട്ടിട നിര്‍മ്മാണ നിയന്ത്രണ ഉത്തരവ് ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെയാണെന്ന് എംഎം മണി പറഞ്ഞു. മൂന്നാറില്‍ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു വിമര്‍ശനം ഉന്നയിച്ചത്.
ഇടുക്കിയിലെ 11 ലക്ഷം വരുന്ന ജനങ്ങള്‍ എന്ത് ചെയ്യണമെന്ന് കോടതി നിലപാട് സ്വീകരിക്കണം. ജില്ലയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ പുനഃരധിവാസത്തിന് കോടതി ഉത്തരവിടണം. ജനങ്ങളുടെ പരാതി കേള്‍ക്കാനും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും കോടതി തയ്യാറാകണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. കളക്ടറുടെ ഉത്തരവിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയത്തില്‍ കോടതി ഇടപെടുമെന്നാണ് വിശ്വാസം. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പറയുന്നത് കേട്ട് കളക്ടര്‍ എന്തെങ്കിലും ചെയ്താല്‍ അതിനെ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്യും. ആര് വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതുമെന്നും എംഎം മണി വ്യക്തമാക്കി.