വന്ദേ ഭാരത് സില്‍വര്‍ലൈന് ബദലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സില്‍വര്‍ലൈന്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. മൂലധന നിക്ഷേപത്തിന് കടംവാങ്ങാം. വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ അത് കേടാവും. അപ്പവുമായി സില്‍വര്‍ലൈനില്‍ തന്നെ പോകും. ക്രിസ്ത്യന്‍ സമുദായത്തെ വശത്താക്കാന്‍ ബിജെപി ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25 ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ഏപ്രില്‍ 24ന് കൊച്ചിയില്‍ മോദിക്കായി വമ്പന്‍ റോഡ്ഷോയും ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. അവിടെ അദ്ദേഹം യുവാക്കളുമായി ആശയവിനിമയത്തില്‍ പങ്കെടുക്കും.
വന്ദേ ഭാരതില്‍ 16 ആധുനിക കോച്ചുകളാണുള്ളത്. തടസ്സമില്ലാത്ത സര്‍വീസ് ഉറപ്പാക്കാന്‍ കേരളത്തിന് രണ്ട് ആധുനിക ട്രെയിനുകള്‍ ലഭിച്ചേക്കും. കേരളത്തിലെ റെയില്‍വേ ട്രാക്കുകളുടെ വളവുകളും തിരിവുകളും കണക്കിലെടുക്കുമ്പോള്‍, വന്ദേ ഭാരത് അതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 110 കിലോമീറ്ററായി പരിമിതപ്പെടുത്തും.
ഇന്ത്യന്‍ നിര്‍മ്മിത സെമി ഹൈ സ്പീഡ് ട്രെയിനാണ് വന്ദേഭാരത് എക്സ്പ്രസ്. 160 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിന് സഞ്ചരിക്കാനാവും. എന്നാല്‍, കേരളത്തിലെ ട്രാക്കുകളിലെ വളവുകളും മറ്റും മൂലം വന്ദേഭാരതിന് വലിയ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ല.