മരടിലെ അനധികൃത ഫ്‌​ളാ​റ്റ് നിര്‍മ്മാണം; ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയുമെന്ന് റിപ്പോര്‍ട്ട്

എറണാകുളം മരടിലെ അനധികൃതമായി ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് ഉത്തരവാദികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നഗരസഭയുമാണെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനായി സുപ്രീംകോടതി നിയോഗിച്ച കമ്മീഷനാണ് ഇക്കാര്യം കണ്ടെത്തിയത്. ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് മരടില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചത്. ഈ അനധികൃത നിര്‍മ്മാണത്തിന് ഉത്തരവാദികള്‍ ബില്‍ഡര്‍മാരല്ല. സര്‍ക്കാരിലെയും മരട് നഗരസഭയിലെയും ഉദ്യോഗസ്ഥരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത്. അതിനാല്‍ ഇവരാണ് ഉത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് വായിച്ചതിന് ശേഷം ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്ന്് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടില്ല. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം കേസിലെ എല്ലാ കക്ഷികള്‍ക്കുംനല്‍കാനും റിപ്പോര്‍ട്ടിനെ സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ സെപ്തംബര്‍ ആറിനുള്ളില്‍ കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read more

സെപ്തംബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കും. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്ളാറ്റുകളാണ് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചത്.