എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം നല്‍കിയത് നിയമവിരുദ്ധമായി; സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കിയ ഉടമയ്‌ക്കെതിരെ നടപടി

ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചു. വിദ്യാര്‍ത്ഥികളായ ഇബ്രാഹിം, ദേവാനന്ദ്, ആയുഷ് രാജ്, ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടുകാര്‍ക്ക് കൈമാറി.

അതേസമയം വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്ത വാഹനം വാടകയ്ക്ക് നല്‍കിയത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വാഹനത്തിന്റെ ഉടമയ്‌ക്കെതിരെ നടപടി ഉണ്ടാകും. വാഹനത്തിന്റെ ഉടമ വിദ്യാര്‍ത്ഥികള്‍ വാഹനം വാടകയ്ക്ക് നല്‍കിയത് നിയമവിരുദ്ധമാണെന്നാണ് കണ്ടെത്തല്‍.

റെന്റ് എ കാര്‍ ലൈസന്‍സോ ടാക്‌സി പെര്‍മിഷനോ ഇല്ലാതെയാണ് വാഹനം വിദ്യാര്‍ത്ഥികള്‍ക്ക് വാടകയ്ക്ക് നല്‍കിയതെന്നാണ് കണ്ടെത്തല്‍. ആലപ്പുഴ വളഞ്ഞ വഴി സ്വദേശി ഷാമില്‍ ഖാന്‍ ആണ് വാഹന ഉടമ. വാഹന ഉടമയോട് അടിയന്തരമായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഷവര്‍ലെറ്റ് ടവേര ആയിരുന്നു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം. ഏഴ് സീറ്റുള്ള വാഹനത്തില്‍ 11 വിദ്യാര്‍ഥികളായിരുന്നു സഞ്ചരിച്ചത്. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വാഹനത്തിന് 14 വര്‍ഷം പഴക്കമുണ്ട്. വാഹനം ഓവര്‍ലോഡ് ആയിരുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് ആര്‍ടിഒ പറയുന്നു.

കാറിന് എബിഎസ് സംവിധാനം ഉണ്ടായിരുന്നില്ല. ഒരു വസ്തുമുന്നില്‍ കണ്ട് കാര്‍ വെട്ടിച്ചെന്നായിരുന്നു ഡ്രൈവര്‍ ആയിരുന്ന വിദ്യാര്‍ത്ഥി പറഞ്ഞത്. എന്നാല്‍ വീഡിയോയില്‍ ഇത് കാണുന്നില്ല. അതിനാല്‍ വീഡിയോ ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ആര്‍ടിഒ പറഞ്ഞു.