അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ എം വിജയന്‍. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ സ്മൃതികുടീരം സന്ദര്‍ശിച്ച ശേഷമാണ് അദേഹം തന്റെ ഓര്‍മകള്‍ പങ്കുവെച്ചത്.
എങ്ങനെ മറക്കും ഉമ്മന്‍ ചാണ്ടി സാറിനെ?
ഒരുപാട് ഓര്‍മ്മകള്‍ വന്ന് മനസ്സിനെ മൂടി ഉമ്മന്‍ ചാണ്ടി സാറിന്റെ കുഴിമാടത്തിന് മുന്നില്‍ ചെന്ന് നിന്നപ്പോള്‍. ജീവിതത്തില്‍ എനിക്കേറെ കടപ്പാടുള്ള ഒരു വലിയ മനുഷ്യന്‍. ആ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ എത്ര തൊഴുതാലാണ് എനിക്ക് മതിയാകുക?
കോടിയേരി സാര്‍ ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്താണ് ഞാന്‍ സര്‍വീസില്‍ പുനഃപ്രവേശിക്കുന്നത്; 2011 ല്‍. തൊട്ടു പിന്നാലെ പൊതു തിരഞ്ഞെടുപ്പ് വന്നു. ആ സമയത്താണ് ഞെട്ടലോടെ ഒരു കാര്യം അറിഞ്ഞത്. എന്റെ നിയമന ഉത്തരവിന്റെ ഫയല്‍ നമ്പര്‍ കാണാനില്ല. സര്‍വീസില്‍ ജോയിന്‍ ചെയ്തിരുന്നെങ്കിലും ഔദ്യോഗിക രേഖ ഇല്ലെങ്കില്‍ എന്തു ചെയ്യും? ആകെ അനിശ്ചിതത്വം.
തിരഞ്ഞെടുപ്പുകാലമായതിനാല്‍ ആരോട് ചോദിച്ചിട്ടും കൃത്യമായ ഉത്തരം ലഭിക്കാത്ത അവസ്ഥ. ആറു മാസമാണ് ഞാന്‍ ആ ഫയല്‍ നമ്പറിന് വേണ്ടി സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങിയത്. അതിനകം യു ഡി എഫ് ഭരണത്തിലേറിയിരുന്നു. ഭരണമാറ്റത്തിന്റെ സമയമായതുകൊണ്ട് ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ ആര്‍ക്കുമില്ല സമയം. എല്ലാവരും തിരക്കിലാണ്.
പക്ഷേ എന്റെ പ്രശ്‌നത്തിന്റെ ഗൗരവം എനിക്കല്ലേ അറിയൂ. അടുത്ത് പരിചയമുള്ള സി പി ഐ നേതാവ് സുനില്‍ കുമാര്‍ സാറിനെ ചെന്നു കണ്ട് കാര്യം ഉണര്‍ത്തിച്ചു. ക്യാബിനറ്റ് യോഗം നടക്കുന്ന ദിവസമാണ്. സുനില്‍ കുമാര്‍ സാര്‍ എന്നെയും കൊണ്ട് മുഖ്യമന്ത്രിയുടെ ക്യാബിനില്‍ ചെല്ലുന്നു. ഒരു ഉത്സവത്തിനുള്ള ആളുണ്ടവിടെ. പല വിധ ആവശ്യങ്ങളുമായി വന്നവര്‍. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയാണ് മുഖ്യമന്ത്രി. തിരക്കിനിടയില്‍ എന്നെ പരിചയപ്പെടുത്തിക്കൊണ്ട് സുനില്‍ കുമാര്‍ സാര്‍ പറയുന്നു : ‘വിജയന് അങ്ങയോട് എന്തോ കാര്യം പറയാനുണ്ട്..’
ഞാന്‍ പറഞ്ഞുതുടങ്ങിയതും ഉമ്മന്‍ ചാണ്ടി സാര്‍ ചിരിച്ചുകൊണ്ട് ഇടപെട്ടു: ‘വിജയന്‍, ഒരു കാര്യം ചെയ്യൂ. കുറച്ചു നേരം ആ ലിഫ്റ്റിന്റെ അടുത്ത് കാത്തുനില്‍ക്കൂ. അധികം വൈകാതെ ഞാന്‍ അവിടെയെത്തും. നമുക്കൊരുമിച്ചു ലിഫ്റ്റില്‍ പോകാം. അപ്പോള്‍ സംസാരിക്കാമല്ലോ…’
അത്ഭുതമായിരുന്നു എനിക്ക്. ശ്വാസം വിടാന്‍ പോലും സമയമില്ലാത്ത വ്യക്തി എനിക്ക് വേണ്ടി കുറച്ചു സമയം കണ്ടെത്തുകയാണ്.
ക്ഷമയോടെ കാത്തുനിന്നു ഞാന്‍. ഒരു മണിക്കൂറോളമെടുത്തു തിരക്കിനിടയില്‍ നിന്ന് മോചിതനായി അദ്ദേഹം ലിഫ്റ്റിനടുത്തെത്താന്‍. ലിഫ്റ്റ് വന്നതും മുഖ്യമന്ത്രിക്ക് പിന്നാലെ അകത്തു കയറിപ്പറ്റാന്‍ വലിയൊരു പുരുഷാരം തിടുക്കം കൂട്ടുന്ന കാഴ്ചയാണ് കണ്ടത്. ആ തിരക്കില്‍ എനിക്ക് ഇടിച്ചുകയറാനുള്ള ത്രാണി ഉണ്ടായിരുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ സങ്കടപ്പെട്ടു നില്‍ക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ചാണ്ടി സാറിന്റെ ശബ്ദം:
‘എവിടെ നമ്മുടെ വിജയന്‍?’
ശ്വാസം നേരെ വീണത് അപ്പോഴാണ്. ഒട്ടും സമയം പാഴാക്കാതെ തിരക്കിനിടയിലൂടെ ലിഫ്റ്റില്‍ കയറിപ്പറ്റി; മുഖ്യമന്ത്രിയുടെ ഒരു കൈ സഹായത്തോടെ. ലിഫ്റ്റിലെ ശബ്ദാകോലാഹലത്തിനിടയില്‍ പരസ്പരം സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ല ഞങ്ങള്‍. ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങിയതും മുന്നില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം വന്നു നിന്നതും ഒപ്പം.
വിഷമം തോന്നി. ചാണ്ടി സാര്‍ ഉടന്‍ കാറില്‍ കയറി പോകും. എന്റെ ആവലാതികള്‍ ഇനിയെങ്ങനെ അദ്ദേഹത്തെ ധരിപ്പിക്കാന്‍ ?
പക്ഷേ തെല്ലും പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചത്. വാതില്‍ തുറന്ന് കാറില്‍ കയറിയിരുന്ന ശേഷം ഉമ്മന്‍ ചാണ്ടി സാര്‍ പറഞ്ഞു: ‘വിജയാ, വാ, കയറിയിരിക്ക്..’
ശരിക്കും ഞെട്ടിപ്പോയി ഞാന്‍; ചുറ്റുമുള്ളവരും. തെല്ലൊരു സങ്കോചത്തോടെ ഞാന്‍ പിന്‍ സീറ്റില്‍ അദ്ദേഹത്തിന് തൊട്ടടുത്തിരുന്നു. മറ്റൊരു കായികതാരത്തിനും കിട്ടാനിടയില്ലാത്ത സൗഭാഗ്യമാണ് എനിക്ക് വീണുകിട്ടിയിരിക്കുന്നത്; സംസ്ഥാന മുഖ്യമന്ത്രിയോടൊപ്പം കാറില്‍ ഒരുമിച്ചിരുന്ന് യാത്ര ചെയ്യുക. സീറ്റിന്റെ അറ്റത്ത് പരുങ്ങിയിരുന്ന എന്നോട് ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചോദ്യം: ‘എന്താ വിജയാ നിന്റെ പ്രശ്‌നം?’
സെക്രട്ടേറിയറ്റിലേക്കുള്ള യാത്രാമധ്യേ എന്റെ പ്രശ്‌നം ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു, ക്ഷമയോടെ എല്ലാം കേട്ടിരുന്നു അദ്ദേഹം. എന്നിട്ട് സ്വതഃസിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞു: ‘ടെന്‍ഷന്‍ വേണ്ട, എല്ലാം നമുക്ക് ശരിയാക്കാം.’ വെറുമൊരു ആശ്വാസവാക്കല്ല അതെന്ന് മുഖത്തെ സൗമ്യമായ ചിരി വിളിച്ചുപറയുന്നുണ്ടായിരുന്നു. യാത്ര പറഞ്ഞു പിരിയുമ്പോള്‍ പുറത്തുതട്ടിക്കൊണ്ട് അദ്ദേഹം വീണ്ടും പറഞ്ഞു.
‘ഞാനല്ലേ പറയുന്നത്, സമാധാനമായി പോകൂ..’ ഒരു മാസത്തിനകം എനിക്ക് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയി നിയമന ഉത്തരവ് ലഭിക്കുന്നു. മേലുദ്യോഗസ്ഥനായ ഷറഫലി സാര്‍ ആണ് ഓര്‍ഡര്‍ എടുത്തു തന്നത്. ഉത്തരവ് ലഭിച്ചതും നേരെ ചെന്ന് മുഖ്യമന്ത്രിയെ കണ്ടു; നന്ദി പറയാന്‍. അഭിനന്ദനങ്ങളോടെയാണ് അദ്ദേഹം എന്നെ യാത്രയാക്കിയത്. പിറ്റേന്ന് തന്നെ ഞാന്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
ആ നാളുകളിലാണ് ഡീഗോ മാറഡോണയുടെ കേരള സന്ദര്‍ശനം. തൊട്ടു പിന്നാലെ ഷറഫലി സാര്‍ എനിക്ക് ഡബിള്‍ പ്രമോഷന്‍ ശുപാര്‍ശ ചെയ്യുന്നു. പ്രമോഷന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഡബിള്‍ പ്രമോഷന്‍ കിട്ടുമെന്ന് പ്രതീക്ഷയില്ല. ശുപാര്‍ശ ക്യാബിനറ്റില്‍ വെച്ചപ്പോള്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഗണേഷ് കുമാറും ഓക്കേ ചെയ്തെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
ഒരു മറുചോദ്യം പോലുമില്ലാതെ ഉത്തരവില്‍ ഒപ്പിട്ടു ഉമ്മന്‍ ചാണ്ടി സാര്‍; ‘നമ്മുടെ വിജയനല്ലേ’ എന്ന ഒരേയൊരു ചോദ്യത്തോടെ.
Read more
കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി സാറിന്റെ സ്മൃതികുടീരത്തിന് മുന്നില്‍ കൈകൂപ്പി കണ്ണടച്ച് നിന്നപ്പോള്‍ ഓര്‍മ്മകളില്‍ തെളിഞ്ഞത് ചിരിക്കുന്ന ആ മുഖം. കാതുകളില്‍ ആ ശബ്ദവും: ‘ടെന്‍ഷന്‍ വേണ്ട, എല്ലാം നമുക്ക് ശരിയാക്കാം.’
ഇനിയുണ്ടാകുമോ അതുപോലൊരു നേതാവ്?