സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ ‘സി’ കാറ്റഗറിയിലാക്കി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ പൊതുപരിപാടികള്‍ നടത്തുന്നതിന് വിലക്കുണ്ട്. തിയറ്റര്‍, ജിംനേഷ്യം, നീന്തല്‍കുളങ്ങള്‍ തുടങ്ങിയവ അടച്ചിടണം. ആരാധനാലയങ്ങളില്‍ ഓണ്‍ലൈനായി മാത്രമേ ആരാധന നടത്താവൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന സെമസ്റ്റര്‍ മാത്രം നേരിട്ട് ക്ലാസ് നടത്താം.
ഇതോടെ സി ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ ജില്ലകളുടെ എണ്ണം അഞ്ച് ആയി. നേരത്തെ തിരുവനന്തപുരത്ത് മാത്രമായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധം ശക്തിപ്പെടുത്താല്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചട്ടുണ്ട്. ഇത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കും. ആവശ്യമെങ്കില്‍ വീണ്ടും സമൂഹ അടുക്കള തുടങ്ങുമെന്നും യോഗത്തില്‍ തീരുമാനിച്ചു. ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പറഞ്ഞു.
Read more
ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ സാഹചര്യം വിലയിരുത്താന്‍ യോഗം വിളിക്കണം. ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും രോഗം വരുന്ന സാഹചര്യമുള്ളതിനാലാണ് സമൂഹ അടുക്കള വീണ്ടും തുടങ്ങാന്‍ ആലോചിക്കുന്നത്. രോഗവ്യാപനം ഉയരുകയാണ്. മൂന്നാം തരംഗത്തിന്റെ മൂര്‍ധന്യത നേരത്തെ തന്നെ ആയോക്കുമെന്നും യോഗത്തില്‍ വിലയിരുത്തി.