കേരളത്തില്‍ പത്ത് ലക്ഷത്തിനും പതിന്നാല് ലക്ഷത്തിനുമിടയില്‍ ഇരട്ട വോട്ടുകളെന്ന്‌ കെ.പി.സി.സി അന്വേഷണ സംഘം

കേരളത്തില്‍ 10 ലക്ഷത്തിനും 14 ലക്ഷത്തിനുമിടയില്‍ ഇരട്ട വോട്ടുകളുണ്ടായേക്കാമെന്ന് റിപ്പോർട്ട്. ഇരട്ട വോട്ടുകളെക്കുറിച്ച് ദീര്‍ഘകാലമായി അന്വേഷിക്കുകയും കെ.പി.സി.സി. നേതൃത്വത്തിന് ഇക്കാര്യത്തില്‍ കൃത്യമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാന വ്യക്തിയുടെ വാക്കുകളെ ഉദ്ധരിച്ച് മാതൃഭൂമി ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പേര് വെളിപ്പെടുത്തരുതെന്ന കര്‍ശന നിബന്ധനയോടെയാണ് ഇദ്ദേഹം ഇക്കാര്യങ്ങള്‍ മാതൃഭൂമിയോട് പറഞ്ഞത്.

നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയില്‍ ഇന്നലെ ഹെെക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് തിങ്കളാഴ്ച വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 4,34,000 ഇരട്ട വോട്ടുകളെക്കുറിച്ചാണ് തെളിവുസഹിതം കെ.പി.സി.സി. നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൈമാറിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് കേരളത്തില്‍ 2,74,46,039 വോട്ടര്‍മാരാണുള്ളത്.

രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള കെ.പി.സി.സി. നേതൃത്വമടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് മാസങ്ങളായി ഇരട്ട വോട്ട് കണ്ടെത്തുന്നതിന് വേണ്ടി അദ്ധ്വാനിച്ചത്. ഇപ്പോഴത്തെ കണ്ടെത്തലുകൾ ഒരാളുടെ മാത്രം അദ്ധ്വാനമല്ല . കൂട്ടായ പ്രവര്‍ത്തനമായതു കൊണ്ടാണ് തന്റെ പേര് വെളിയില്‍ വരണമെന്ന് താല്‍പര്യമില്ലാത്തത് എന്ന് അന്വേഷകൻ പറഞ്ഞു.

കേരളത്തിലെ 140 മണ്ഡലങ്ങളില്‍ എണ്‍പതോളം മണ്ഡലങ്ങളിലാണ് ഇരട്ടവോട്ടുകളുടെ ആധിക്യമുള്ളതെന്നും ഇവിടങ്ങളില്‍ ചുരുങ്ങിയത് ഓരോ മണ്ഡലത്തിലും അയ്യായിരത്തിനും എണ്ണായിരത്തിനുമിടയില്‍ ഇരട്ട വോട്ടുകളെങ്കിലുമുണ്ടായിരിക്കുമെന്നാണ് വിവരമെന്നും ഈ അന്വേഷകന്‍ പറഞ്ഞു.