വിലക്കയറ്റത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത് . സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഭരിക്കാന്‍ മറന്നുപോയ സര്‍ക്കാരാണ് ഇപ്പോഴത്തേതെന്നും സതീശന്‍ ആരോപിച്ചു.
‘അരിയുടെ വില വര്‍ധിച്ചാല്‍ അതിന് ആനുപാതികമായി 13 നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുമെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. അഞ്ച് ശതമാനം ആളുകള്‍ക്ക് പോലും സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സപ്ലൈക്കോയ്ക്ക് കഴിയുന്നില്ല.
സപ്ലൈക്കോയില്‍ ഒരു സാധനം പോലുമില്ല. മുഴുവന്‍ സാധനങ്ങള്‍ വന്നാലും കുറച്ചാളുകള്‍ക്ക് മാത്രമേ നല്‍കാനാകൂ. വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഇടപെട്ട് അരിയുടെ ഉള്‍പ്പടെ വില താഴേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.
എല്ലാ ദിവസവും മുഖ്യമന്ത്രിമാരുടെ മേശയില്‍ സാധനങ്ങളുടെ വിലവിവര പട്ടിക വരും. കേരളത്തിലെ മുഖ്യമന്ത്രി ആ ഫയല്‍ നോക്കാറുണ്ടോ?’, സതീശന്‍ ചോദിച്ചു.
ഉണ്ടെങ്കില്‍ ഓണം കഴിഞ്ഞപ്പോഴുള്ള സാധനങ്ങളുടെ വിലയും ഇന്നത്തെ വിലയും താരതമ്യപ്പെടുത്തണം. ഒരു നടപടിയും എടുക്കാതെ നിസംഗരായി ഇരിക്കുകയാണ് സര്‍ക്കാര്‍. അതുകൊണ്ടാണ് ഭരിക്കാന്‍ മറന്നുപോയ സര്‍ക്കാരെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. വിലക്കയറ്റത്തിന്റെ സമയത്ത് ഏതെങ്കിലും സര്‍ക്കാര്‍ ഇങ്ങനെ നിഷ്‌ക്രിയരായി ഇരുന്നിട്ടുണ്ടോ? അദ്ദേഹം ചോദിച്ചു.